ശബരിമല വസ്തുത റിപ്പോര്‍ട്ട്: സുപ്രീംകോടതിയെ കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ലജ്ജാകരമെന്ന് രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയെ കബളിപ്പിക്കാനുള്ള ശ്രമം ലജ്ജാകരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോടതിയില്‍ തെറ്റായ വിവരം നല്‍കി ശബരിമല വിഷയം ആളിക്കത്തിച്ച് സംഘര്‍ഷം നിലനിര്‍ത്താനുള്ള ഹീനശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. അയ്യപ്പഭക്തരുടെ വികാരം വൃണപ്പെടുത്താനാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു ശ്രമിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഇത് ചേര്‍ന്നനടപടിയല്ലെന്നും ചെന്നിത്തല പ്രസ്താവനയില്‍ വ്യക്തമാക്കി
ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിന്റേയും കനക ദുര്‍ഗയുടേയും ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് 51 സ്ത്രീകള്‍ പ്രവേശിച്ചുവെന്ന് കാണിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ദര്‍ശനത്തിനായി എത്തിയവരില്‍ ഭൂരിഭാഗവും ആന്ധ്രാ, തമിഴ്‌നാട്, ഗോവ സ്വദേശികളാണ്. തമിഴ്‌നാട്ടില്‍ നിന്നും 24, ആന്ധ്രാപ്രദേശ് 21, തെലങ്കാന 3, കര്‍ണ്ണാടക 1, ഗോവ 1, പോണ്ടിച്ചേരി 1 എന്നിങ്ങനെയാണ് ദര്‍ശനത്തിനെത്തിയത്. ആധാര്‍ വിവരങ്ങള്‍ അടക്കം യുവതിയുടെ പേര് വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേരളത്തില്‍ നിന്നുള്ളവര്‍ ലിസ്റ്റില്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംഭവം സ്ഥിരീകരിച്ചു. സര്‍ക്കാര്‍ നല്‍കിയത് സത്യവാങ്മൂലമല്ലെന്നും വസ്തുതാ റിപ്പോര്‍ട്ടാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here