നെൽപ്പാടത്ത് മരുന്ന് അടിച്ച കർഷകർ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്

തിരുവല്ലയിൽ നെൽപ്പാടത്ത് മരുന്ന് അടിച്ച കർഷകർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ ഉത്തരവിട്ടു. കർഷകർ കീടാനാശിനി വാങ്ങിയ കട കണ്ട്കെട്ടാനും മറ്റ് കടകളിൽ പരിശോധന നടത്താനും മന്ത്രി നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം മരുന്നടിക്കാനിറങ്ങിയ വേങ്ങൽ കഴുപ്പിൽ കോളനി സ്വദേശികളായ സനൽകുമാർ, ഈശോ മത്തായി എന്നിവരാണ് മരിച്ചത്.
കർഷക തൊഴിലാളികളായ സനലിന്റെയും ഈശോ മത്തായിയുടെയും അസ്വാഭാവിക മരണത്തിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കൃഷിമന്ത്രി നിർദ്ദേശിച്ചത്. പുഴുക്കളേയും കീടങ്ങളേയും അകറ്റാൻ തളിക്കുന്ന വിരാട് എന്ന മരുന്നാണ് ഉപയോഗിച്ചതെന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഈ മരുന്ന് വാങ്ങിയ കട കണ്ടുകെട്ടാനും, മറ്റിടങ്ങളിൽ പരിശോധന തുടരാനും മന്ത്രി ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് തിരുവല്ല വാഴപ്പള്ളി ഇല്ലത്തെ ഉണ്ണികൃഷ്ണന്റെ മൂന്നരയേക്കർ പാടത്ത് കീടനാശിനി തളിച്ച സനലിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. സമീപത്തു നിൽക്കുകയായിരുന്ന ഈശോ മത്തായിക്കും ബുദ്ധിമുട്ടുണ്ടായി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. ഒരു സിലിണ്ടറിൽ ഇരുപത് മില്ലി മരുന്ന് മാത്രമെ കലർത്താവു എന്നിരിക്കെ, ഇതിൽ കൂടുതൽ അളവ് ഉപയോഗിച്ചതായി തൊഴിലാളികൾ തന്നെ പറയുന്നു.
Read More :സുഗന്ധവ്യഞ്ജനങ്ങളിൽ മാരക വിഷം
നിർദ്ദിഷ്ഠ അളവിൽ കൂടുതൽ മരുന്ന് പ്രയോഗിച്ചതാകാം അപകടത്തിലേക്ക് നയിച്ചതെന്നാന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
Read More : പഞ്ചസാര, മുളക് പൊടി, മഞ്ഞൾ പൊടി എന്നിവയിലെ മായം കണ്ടെത്താം വീട്ടിൽ തന്നെ
സമീപത്തെ പാടത്ത് മരുന്ന് അടിക്കുകയായിരുന്ന മൂന്നു പേർ ചികിത്സ തേടിയെങ്കിലും, ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെ രണ്ടു പേർ വീട്ടിലേക്ക് മടങ്ങി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമെ സനലിന്റെയും, ഈശോ മത്തായിയുടെയും മരണ കാരണമെന്തെന്ന് സ്ഥിരീകരിക്കാനാകൂ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here