മോദി സര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കുകയാണ് പ്രാദേശിക പാര്‍ട്ടികള്‍; നേതൃത്വം നല്‍കിയത് മമതയും

ഫെഡറല്‍ മുന്നണിയെന്ന ആശയവുമായി ബിജെപിക്കെതിരെ പ്രാദേശിക പാർട്ടികളെ അണി നിരത്താനാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ശ്രമിക്കുന്നത്. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപി സർക്കാർ സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം മമതയെ പോലെ മറ്റു നേതാക്കള്‍ക്കുമുണ്ട്. പ്രാദേശിക രാഷ്ട്രീയ പാർട്ടികള്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചാല്‍ അവരുടെ നേതാവായി ഉയർന്ന് വരാനുള്ള വഴിയാണ് ഐക്യ ഇന്ത്യാ റാലിയിലൂടെ മമതാ ബാനർജി ഇന്ന് നിർമ്മിച്ചത്.
ഐക്യ ഇന്ത്യാ റാലിയിലൂടെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സംഗമ വേദി ഒരുക്കുക മാത്രമല്ല മമതാ ബാനർജി ചെയ്തത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് എതിരാളികളായ ബി.ജെ.പിക്ക് ശക്തമായ താക്കീത് നല്‍കുക കൂടിയാണ്. റാലി നടന്ന ബ്രിഗേഡ് പരേഡ് ഗ്രൌണ്ടില്‍ പത്ത് ലക്ഷത്തില്‍ അധികം ജനങ്ങളെ പങ്കെടുപ്പിച്ച് അവർ അത് തെളിയിച്ചു. പ്രാദേശിക പാർട്ടികളാവും അടുത്ത തവണ രാജ്യം ഭരിക്കുകയെന്ന് ഊന്നിയൂന്നി പറയാന്‍ അവർ എപ്പോഴും ശ്രമിക്കുന്നു. രാജ്യത്തിന്‍റെ തെക്കും വടക്കും വടക്ക് കിഴക്കുമുള്ള സംസ്ഥാനങ്ങളിലെ നേതാക്കളെയും ബിജെപി വിരുദ്ധ ചേരിയിലുള്ള നേതാക്കളെയും ഒരു വേദിയില്‍ കൊണ്ട് വരാന്‍ കഴിഞ്ഞുവെന്നതും മമതയുടെ നേതൃ പാടവത്തിന് ഉദ്ദാഹരണമാണ്.
പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ നിന്ന് കഴിഞ്ഞ തവണത്തെപ്പോലെ ഭൂരിഭാഗം സീറ്റുകളുമായി വരികയും കോണ്‍ഗ്രസും ബിജെപിയും മികച്ച പ്രകടനം കാഴ്ച്ച വെക്കാതിരിക്കുകയും ചെയ്താല്‍ മമതക്ക് പ്രധാനമന്ത്രി പദത്തിലേക്ക് നടന്നടുക്കാമെന്ന് അവർ കണക്ക് കൂട്ടുന്നു. ഇന്നത്തെ റാലിയില്‍ പങ്കെടുക്കാതിരുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്ര ശേഖര റാവുവിനും മമത ബാനർജിയോട് എതിർപ്പില്ലെന്നാണ് സൂചന.
എന്‍ഡിഎയോട് അനുഭാവമില്ലാത്ത ഇടത് പാർട്ടികള്‍ മാത്രമാണ് ഐക്യറാലിയില്‍ ഇല്ലാതിരുന്നത്. പശ്ചിമ ബംഗാളില്‍ മമതയും ഇടത് പാർട്ടകളും ബദ്ധവൈരികളുമാണ്. കോണ്‍ഗ്രസ് വിളിച്ച് ചേർക്കുന്ന യോഗത്തില്‍ ആശയ പരമായി പങ്കെടുക്കാന്‍ കഴിയാത്ത പാർട്ടികളും മമതയുടെ ആതിഥ്യം സ്വീകരിച്ചുവെന്നതും ശ്രദ്ധേയമാണ്. ഭരണഘടന, മതേതരത്വം, ഫെഡറലിസം, ദളിത്- ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമം എന്നിങ്ങനെയുള്ള മുദ്രാവാക്യമുയർത്തുന്ന പാർട്ടികളെ ചേർത്ത് നിർത്തുകയും അത് തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി മാറ്റുകയും ചെയ്യുകയാണ് ഇന്നത്തെ ഐക്യറാലിയിലൂടെ മമത ലക്ഷ്യം വെക്കുന്നത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷ പാർട്ടികള്‍ ഒരുങ്ങി കഴിഞ്ഞുവെന്ന് വ്യക്തമായി. അവർ ഉന്നയിക്കുന്ന വിഷയങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ ഏറ്റെടുക്കുക കൂടി ചെയ്താല്‍ പുതിയ പ്രധാനമന്ത്രിയെ പ്രതീക്ഷിക്കാം. പക്ഷെ അത് ആരാണെന്നത് കാത്തിരുന്ന കാണേണ്ട് കാര്യമാണ്. ഇനിയും ഒരു അപ്രതീക്ഷിത പ്രധാനമന്ത്രിയുടെ പിറവിക്ക് പൊതു തെരഞ്ഞെടുപ്പ് സാക്ഷിയാകുമോയെന്നും പറയാനാകില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here