Advertisement

തനിച്ചായവര്‍ക്ക് കൂട്ടാകാന്‍ പ്രോജക്ട് ഹാപ്പിനെസ് 

January 20, 2019
Google News 1 minute Read
happiness project

ജില്ലയിലെ മാനസിക പിന്തുണ ആവശ്യപ്പെടുന്ന, ഏകാന്തത അനുഭവിക്കുന്ന ആളുകള്‍ക്ക് ശ്രദ്ധയും പരിചരണവും നല്‍കുന്നതിന് പത്തനംതിട്ട ജില്ലാ ഭരണകൂടവും കുടുംബശ്രീ ജില്ലാ മിഷനും കൈകോര്‍ക്കുന്ന പ്രോജക്ട് ഹാപ്പിനെസ് പദ്ധതിക്കു തുടക്കമായി. ജില്ലാ ഭരണകൂടവും കുടുംബശ്രീ ജില്ലാ മിഷനും അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയും തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധസേവകരും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായവര്‍ക്ക് മൗണ്ട് സിയോണ്‍ ആശുപത്രി സൗജന്യ സേവനം നല്‍കും. പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനത്തിന് സന്നദ്ധരായി മുന്നോട്ടു വന്ന യുവതീയുവാക്കള്‍ പ്രോജക്ട് ഓഫ് ഹാപ്പിനെസ് പദ്ധതിയോടോപ്പം അണിചേരും. പരിഗണനയും പരിചരണവും ആവശ്യമുള്ളവര്‍ക്ക് താങ്ങാകാനും ഏകാന്ത ദുഃഖത്തില്‍ ആയവരുടെ വീട് സന്ദര്‍ശിച്ച് നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്താനും ഇവര്‍ സഹായിക്കും. ഇതിന്റെ ഏകോപനം ജില്ലാ ഭരണകൂടം നിര്‍വഹിക്കും. കുടുംബശ്രീയുടെ സ്‌നേഹിത കോളിംഗ് ബെല്‍ പദ്ധതിയില്‍ ഭാഗമായ വ്യക്തികള്‍ക്കാണ് കരുതല്‍ ഒരുക്കുക.

ഒരു കൈ സഹായം ആവശ്യമുള്ളവര്‍ക്ക്, അവര്‍ ആവശ്യപ്പെടുന്ന പ്രകാരം കരുതല്‍ നല്‍കി സന്തോഷമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. മാനസിക പിന്തുണ, നിയമ സഹായം, വൈദ്യ സഹായം, പുനരധിവാസം, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, വീട്, സുരക്ഷിതത്വം, ജീവിതമാര്‍ഗം തുടങ്ങി വിവിധ സേവനങ്ങളാണ് പ്രോജക്ട് ഹാപ്പിനെസ് ഒരുക്കുന്നത്. കുടുംബശ്രീ കോളിംഗ് ബെല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുന്നത്.

പ്രോജക്ട് ഹാപ്പിനെസ് പദ്ധതിയില്‍ ഭാഗമായവരുടെ ആദ്യ സംഗമം മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ പി. ബി.നൂഹ് ഉദ്ഘാടനം ചെയ്തു. സന്നദ്ധ പ്രവര്‍ത്തകരായ കുട്ടികള്‍ ഗുണഭോക്താക്കളുമായി പരിചയപ്പെട്ടു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. പങ്കെടുത്ത അംഗങ്ങളില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവ ഇല്ലാത്ത അംഗങ്ങള്‍ക്ക് അത് ഔപചാരികമായി കൈമാറി. ഏനാദിമംഗലം, കലഞ്ഞൂര്‍, കൊടുമണ്‍ എന്നീ പഞ്ചായത്തുകളിലെ സേവനം ആവശ്യം ഉള്ള 235 അംഗങ്ങളാണ് ആദ്യ സംഗമത്തില്‍ പങ്കെടുത്തത്. ജില്ലയില്‍ ആകെ 2463 അംഗങ്ങള്‍ക്ക് പദ്ധതിയുടെ സേവനം ലഭ്യമാകും. സപ്ലെ ഓഫീസ്, മെഡിക്കല്‍ ഓഫീസ്, അക്ഷയ, ആര്‍എസ്ബിവൈ എന്നിവയുടെ ഹെല്‍പ് ഡെസ്‌ക്കുകളും, മൗണ്ട് സിയോണ്‍ ഹോസ്പിറ്റലിന്റ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും കലാവിരുന്നും സംഗമത്തോട് അനുബന്ധിച്ച് നടന്നു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.എസ് സീമ, മൗണ്ട് സിയോണ്‍ ഡയറക്ടര്‍ പ്രൊഫ: സി.കെ.ജോണ്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേഷ്, ലൈഫ്മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.പി.സുനില്‍, ഡോ. വേണുകുമാര്‍, വാര്‍ഡ് മെമ്പര്‍ സജിനി അലക്‌സ്, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ കെ.ധനേഷ്, ആര്‍എസ്ബിവൈ ജില്ലാ പ്രോജക്ട് മാനേജര്‍ അഖില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here