ഇലക്ട്രോണിക് വോട്ടിംഗ് മിഷ്യന്‍ ക്രമക്കേട്; കേന്ദ്ര എജൻസികളുടെ സംയുക്ത സംഘത്തിന്റെ അന്വേഷണ സാധ്യത കേന്ദ്രസർക്കാർ പരിശോധിയ്ക്കുന്നു

ഇലക്ട്രോണിക് വോട്ടിംഗ് മെഷിനെതിരെ ആരോപണം ഉയർന്ന വിഷയത്തിൽ കേന്ദ്ര എജൻസികളുടെ സംയുക്ത സംഘത്തിന്റെ അന്വേഷണ സാധ്യത കേന്ദ്രസർക്കാർ പരിശോധിയ്ക്കുന്നു. നിയമനടപടിയുമായ് മുന്നോട്ട് പോകാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ തിരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനുമായ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് നടത്തുന്ന ചർച്ചയ്ക്ക് ശേഷമാകും ഇത് സംബന്ധിച്ച തിരുമാനം കേന്ദ്രസർക്കാർ കൈക്കൊള്ളുക.
വോട്ടിങ് യന്ത്രത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. വയർലെസ് ആശയ വിനിമയത്തിലൂടെ ഒരു വിവരവും വോട്ടിങ് യന്ത്രത്തിൽ എത്തിക്കാൻ സാധിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷനിലെ സാങ്കേതിക വിദഗ്ധൻ ഡോ. രജത് മൂന വ്യക്തമാക്കി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനാണ് കമ്മീഷന്റെ പ്രാഥമിക തിരുമാനം. ഇക്കാര്യം ഇന്നലെ രാത്രി തന്നെ കമ്മീഷൻ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ദേശീയ എജൻസികളുടെ സംയുക്ത സംഘത്തിന്റെ അന്വേഷണ സാധ്യത ആരായാനുള്ള കേന്ദ്രസർക്കാർ തിരുമാനം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആഭ്യന്തര സെക്രട്ടറി രാജീവ് ഗൌബ എന്നിവർ ഇന്നലെ രാത്രി നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച ധാരണ ഉണ്ടായതായ് ചില ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. എൻ.ഐ.എ യോ സി.ബി.ഐ യോ അഥവാ സംയുക്ത കേന്ദ്ര എജൻസികളുടെ സംഘമോ വിഷയം പരിശോധിയ്ക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തുന്ന ചർച്ചകൾക്ക് ശേഷമാകും ഇക്കാര്യത്തിലെ ഔദ്യോഗിക പ്രഖ്യാപനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here