എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചു

കോണ്‍ഗ്രസ് തലപ്പത്ത് വന്‍ അഴിച്ചുപണി. പ്രിയങ്കാ ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. രാഹുല്‍ ഗാന്ധിക്ക് തൊട്ടുതാഴെയുള്ള പദിവിയാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കക്ക് നല്‍കിയിരിക്കുന്നത്. ഫെബ്രുവരിയില്‍ ചുമതല ഏറ്റെടുക്കും. രാഹുല്‍ ഗാന്ധിയുടെ അടുത്ത ആളായ ജ്യോതിരാതിദ്യ സിന്ധ്യക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയും നല്‍കി.
ഉത്തര്‍പ്രദേശില്‍ ബിജെപിക്കും ബിഎസ്പി, എസ് പി സഖ്യത്തിനുമെതിരെ ശക്തമായ നീക്കവുമായാണ് കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത്. പ്രിയങ്ക ഗാന്ധിയെ നേതൃനിരയിലേക്ക് എത്തിക്കുന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
പ്രിയങ്കയെ കൂടാതെ കെ സി വേണുഗോപാലിനും സ്ഥാനമാറ്റമുണ്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് വേണുഗോപാലിനെ നിയമിച്ചിരിക്കുന്നത്. അശോക് ഗലോട്ട് വഹിച്ചിരുന്ന പദവിയാണ്.
2009, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടി പ്രിയങ്ക പ്രചാരണത്തിനിറങ്ങിയിരുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പദവിയിലായിരുന്നില്ല പ്രിയങ്ക അന്ന് പ്രചാരണത്തിനിറങ്ങിയത്. കോണ്‍ഗ്രസിലേക്കുള്ള പ്രിയങ്കയുടെ കടന്നുവരവ് ഏറെ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസിനെ രാഹുലിന് പകരം പ്രിയങ്ക നയിക്കുമെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക പദവികളില്‍ നിന്നും പ്രിയങ്ക വിട്ടുനില്‍ക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here