പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നതിന് ഉന്നതതല സമിതി യോഗം ഇന്ന് ചേരും

പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉള്ള ഉന്നതതല സമിതി യോഗം ഇന്ന് ചേരും. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർ യോഗത്തിൽ പങ്കെടുക്കും. അതേസമയം നഗേശ്വർ റാവുവിനെ ഇടക്കാല ഡയറക്ടർ ആയി നിയമിച്ചതിന് എതിരെ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട അലോക് വർമക്ക് പകരം പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള നടപടികൾ നേരത്തെ തന്നെ കേന്ദ്ര സര്ക്കാര് തുടങ്ങിയിരുന്നു. ഇതിനായി 1983,84,85 ബച്ചുകളിലെ 17 ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര അഭ്യന്തര മന്ത്രാലയം തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിൽ മൂന്ന് പേരുടെ പട്ടികയാണ് ഇന്ന് ഉന്നതതല സമിതി പരിഗണിക്കുക. എൻ ഐ എ ഡയറക്ടർ ജനറൽ വൈ സി മോദിയുടെ പേരാണ് സാധ്യത പട്ടികയിൽ ഏറ്റവും ഉയർന്നു കേൾക്കുന്നത്. അസം മേഘാലയ കേഡർ ഉദ്യോഗസ്ഥൻ ആയ മോദി ഗുജറാത്ത് വംശഹത്യ കേസുകൾ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ ഉദ്യോഗസ്ഥനോടാണ് കൂടുതൽ താൽപര്യം എന്നാണ് വിവരം. യോഗത്തിൽ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയും എടുക്കുന്ന നിലപാട് ആയിരിക്കും നിർണായകമാവുക.അലോക് വർമയേ പുറത്താക്കാൻ തീരുമാനിച്ച സമിതി യോഗത്തിൽ ഖാർഗെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. അന്ന് ചീഫ് ജസ്റ്റിസിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത ജസ്റ്റീസ് എ കേ സിക്രിയുടെ നിലപാട് പ്രധാന മന്ത്രിക്ക് അനുകൂലം ആയിരുന്നു. അതേ സമയം ഇടക്കാല ഡയറക്ടർ ആയി നാഗേശ്വർ റാവുവിനെ നിയമിച്ചതിന് എതിരെ സമർപ്പിച്ച ഹർജി ജസ്റ്റിസ് ഏ കേ സിക്രിയുടെ നേതൃത്വത്തിൽ ഉള്ള ബെഞ്ച് ഇന്ന് പരിഗണിക്കും. ഹർജി പരിഗണിക്കുന്നതിൽ നിന്ന് നേരത്തെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി പിന്മാറിയിരുന്നു. നാഗേശ്വര റാവുവിന്റെ നിയമനത്തിന് എതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് ഹരജി നൽകിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here