പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം; രാഹുല്‍ഗാന്ധിയെ പിന്തുണച്ച് എച്ച് ഡി കുമാരസ്വാമി

kumaraswami-rahul

പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കാനാണ് തന്റെ തീരുമാനമെന്ന് കുമാരസ്വാമി എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രാഹുലിനെ പിന്തുണയ്ക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കുമാരസ്വാമി വ്യക്തമാക്കി.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിതാവ് എച്ച് ഡി ദേവഗൗഡ പിന്തുണക്കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. ബിജെപിയെക്കാള്‍ പ്രാപ്തരായ പല പ്രാദേശിക പാര്‍ട്ടികളും ശക്തി തെളിയിച്ച് ഇന്ന് രംഗത്തുണ്ട്. അവര്‍ക്കിടയില്‍ പ്രധാനമന്ത്രിയാകാന്‍ കഴിവുള്ള നേതാക്കന്മാരുമുണ്ട്. എന്തുകൊണ്ട് മമത ബാനര്‍ജിയും മായാവതിയും ആ സ്ഥാനത്തേക്ക് വന്നുകൂട? പക്ഷേ തങ്ങളുടെ പാര്‍ട്ടി രാഹുലിനെയാണ് പിന്തുണയ്ക്കുക. നരേന്ദ്രമോദിയെ താഴെയിറക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി വരണമെന്നായിരുന്നു കുമാരസ്വാമിയുടെ മുന്‍നിലപാട്.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ജെഡിഎസ് സര്‍ക്കാരുണ്ടാക്കിയത്. കുമാരസ്വാമിയുടെ മുഖ്യമന്ത്രി സ്ഥാനത്തെ രാഹുല്‍ ഗാന്ധി യാതൊരു വിമര്‍ശനങ്ങളും കൂടാതെ പിന്തുണച്ചു. ബിജെപിക്കെതിരെ പുതിയ രാഷ്ട്രീയ നീക്കമായിരുന്നു കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് പരീക്ഷിച്ചത്. ഇത് വിജയിക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top