Advertisement

എന്നും അക്ഷോഭ്യയായി പ്രിയങ്ക

January 24, 2019
Google News 1 minute Read

-പിപി ജെയിംസ്

രാജീവ് ഗാന്ധി കൊല്ലപ്പെട്ട 1991മെയ് 21ന് പിറ്റേന്ന് യൂറോപ്പില്‍ ഇറങ്ങിയ പ്രമുഖ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് പ്രിയങ്കഗാന്ധിയാണ്. പിതാവിന്റെ ഭൗതിക ശരീരത്തിന് മുമ്പില്‍ അക്ഷോഭ്യയായി നില്‍ക്കുന്ന പ്രിയങ്കയുടെ ഭാവത്തിന് ‘കുലീനദുഃഖം’ എന്നാണ് ഇന്റര്‍ നാഷണല്‍ ഹെറാള്‍ഡ് ട്രിബ്യൂണ്‍ അടിക്കുറിപ്പ് നല്‍കിയത്. രാജീവ് ഗാന്ധിയ്ക്ക് ശേഷം നെഹ്രു കുടുംബത്തില്‍ നിന്ന് ഭാവി പ്രധാനമന്ത്രി പ്രിയങ്ക ആയിരിക്കുമെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ അന്ന് പറഞ്ഞു വച്ചു. അന്ന് പാരീസില്‍ ഉണ്ടായിരുന്നതിന്റെ ഓര്‍മ്മയാണ്. പിന്നെ സംഭവിച്ചത് മറ്റൊന്നാണ്. രാജീവ് ഗാന്ധിയ്ക്ക് ശേഷം പ്രധാനമന്ത്രിയായത് പിവി നരസിംഹ റാവു.

നെഹ്രു കുടുംബം വിസ്മൃതിയിലായി എന്ന് കരുതിയപ്പോഴാണ് ആരും പ്രതീക്ഷിക്കാതെ സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തിയത്. അന്നും പ്രിയങ്കയ്ക്ക് വേണ്ടി കോണ്‍ഗ്രസിനുള്ളില്‍ മുറവിളി ഉയര്‍ന്നിരുന്നു. പിന്നെയും പ്രിയങ്ക വന്നില്ല. രാഷ്ട്രീയത്തില്‍ എത്തിയതും സോണിയയില്‍ നിന്ന് എഐസിസി പ്രസിഡന്റ് സ്ഥാനം ഏറ്റുവാങ്ങിയതും രാഹുല്‍ ഗാന്ധി.

ബിസിനസുകാരന്‍ റോബര്‍ട്ട് വധോരയുടെ വിവാദ ഇടപാടുകള്‍ പ്രിയങ്കയെ രാഷ്ട്രീയത്തില്‍ നിന്ന് പിന്നോട്ടടിപ്പിച്ചു എന്നായിരുന്നു നിരീക്ഷണം. പ്രിയങ്ക ഇനി രാഷ്ട്രീയത്തില്‍ വരില്ലെന്ന് ഉറപ്പിച്ചപ്പോഴാണ് നാടകീയമായ അരങ്ങേറ്റം.

മുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് മണ്‍മറഞ്ഞ ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പ്രിയങ്കഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിക്കുമോ?  ഇന്ത്യയിലും പുറത്തും മാധ്യമങ്ങളില്‍ പ്രധാന ചര്‍ച്ചയാണിത്. ഇന്ദിരയുടെ നിശ്ചയ ദാര്‍ഢ്യവും പ്രതിസന്ധിയിലും കുലുങ്ങാത്ത നിലപാടും പ്രിയങ്കയ്ക്കുമുണ്ട്. എന്നാല്‍ പ്രിയങ്കയുടെ രാഷ്ട്രീയ യാത്ര അത്ര എളുപ്പമാകണമെന്നില്ല. ചാണക്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി റോബര്‍ട്ട്  വഡോദരയെ കുരുക്കാന്‍ രംഗത്തിറങ്ങിയാല്‍ പ്രിയങ്കയും പ്രതിരോധത്തിലായേക്കാം. എന്നാല്‍ അഞ്ച് വര്‍ഷം അനങ്ങാതിരുന്ന പ്രധാനമന്ത്രിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ആക്ഷേപിക്കപ്പെടാം.


അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാര്‍ ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവം ഓര്‍ക്കുന്നുണ്ടാകും. ഒറ്റ ദിവസം ജയിലില്‍ കിടന്ന ഇന്ദിരാ ഗാന്ധി സഹതാപ തരംഗം തനിക്ക് അനുകൂലമാക്കി. തൊട്ട് പിന്നാലെ യുപി ഉപ തെരഞ്ഞെടുപ്പില്‍ മൊഹ്സിന കിദ്വായിലൂടെ നേടിയ വിജയം മറ്റൊരു തിരിച്ചുവരവിന് വിത്തുപാകി. പ്രിയങ്കയെ നേരിടാന്‍ തന്ത്രം മാറ്റി പയറ്റേണ്ടി വരും മോദിയ്ക്കും അമിത് ഷായ്ക്കും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here