ഉമേഷ് യാദവിന് മുന്‍പില്‍ അടിയറവ് പറഞ്ഞ് കേരളം; 106 ന് എല്ലാവരും പുറത്ത്

രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭക്കെതിരെ ആദ്യ ഇന്നിംങ്സില്‍ കേരളത്തിന് ബാറ്റിംങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ കേരളം 28.4 ഓവറില്‍ വെറും 106 റണ്‍സില്‍ ഓള്‍ ഔട്ടായി. വിദര്‍ഭക്കുവേണ്ടി ഏഴ് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് കേരളത്തെ നിലയുറപ്പിക്കും മുമ്പേ തകര്‍ത്തത്.
പേസര്‍മാരുടെ പറുദീസയൊരുക്കി വിദര്‍ഭയെ വീഴ്ത്താമെന്ന മോഹം ടോസ് നഷ്ടപ്പെട്ടതോടെ തന്നെ അസ്ഥാനത്തായി. പിന്നാലെ ഉമേഷ് യാദവ് തനിസ്വരൂപം കാണിച്ചതോടെ കേരളത്തിന്റെ ബാറ്റ്‌സ്മാന്മാര്‍ വന്നതിനേക്കാള്‍ വേഗത്തില്‍ പവലിയനിലേക്ക് മടങ്ങി. മുഹമ്മദ് അസ്ഹറുദീന്‍(8), സിജോമോന്‍ ജോസഫ്(0), വിനൂപ് മനോഹരന്‍(0), അരുണ്‍ കാര്‍ത്തിക്(4), ജലജ് സക്‌സേന(7), ബേസില്‍ തമ്പി(10), സന്ദീപ് വാര്യര്‍(0) എന്നിവരാണ് ഉമേഷിന് ഇരയായത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഉമേഷിന് പുറമേ വിദര്‍ഭക്കുവേണ്ടി രജ്‌നീഷ് ഗുര്‍ബാനി മൂന്ന് വിക്കറ്റ് നേടി.
കേരള നിരയില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും(22) വിഷ്ണു വിനോദും(37*) മാത്രമാണ് പിടിച്ചു നില്‍ക്കുകയെങ്കിലും ചെയ്തത്. വിഷ്ണു വിനോദ് വാലറ്റത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയായിരുന്നു കേരളത്തിന്റെ സ്‌കോര്‍ മൂന്നക്കം കടന്നത്. ഒടുവില്‍ ആദ്യ സെഷന് അവസാനമാകും മുമ്പേ കേരളത്തിന്റെ ആദ്യ ഇന്നിംങ്സിന് തിരശ്ശീല വീഴുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here