കോട്ടയം സിപിഎം എടുത്താല്‍ പകരം സീറ്റ് വേണമെന്ന അവകാശവാദവുമായി ജനതാദള്‍ എസ്

സി പി എം കോട്ടയം ഏറ്റെടുത്താൽ പകരം സീറ്റ് ആവശ്യപ്പെടാന്‍ ജനതാദള്‍ എസ് തീരുമാനം. തിരുവനന്തപുരമോ പത്തനംതിട്ടയോ വേണമെന്നാണ് ജനതാദളിന്റെ ആവശ്യം. ഏറ്റവുമൊടുവിൽ എൽ ഡി എഫിന്റെ ഭാഗമായ ലോക് താന്ത്രിക് ജനതാദളും ജനാധിപത്യ കേരളാ കോണ്‍ഗ്രസും സീറ്റ് ആവശ്യവുമായി രംഗത്തുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിലെ സീറ്റ് വിഭജനം ഇങ്ങനെയായിരുന്നു. 15 സീറ്റില്‍ സിപിഎം. നാലിടത്ത് സിപിഐ. ഒരിടത്ത് ജനതാദള്‍ . ജനതാദളിന് ലഭിച്ച കോട്ടയത്ത് മത്സരിച്ചത് മാത്യു ടി തോമസ്. ഇത്തവണ കോട്ടയം സിപിഎം ഏറ്റെടുക്കുമെന്നാണ് സൂചന. എങ്കിൽ പത്തനംതിട്ടയോ തിരുവനന്തപുരമോ ആവശ്യപ്പെടാനാണ് ജനതാദളിന്റെ തീരുമാനം. പത്തനംതിട്ട ലഭിച്ചാല്‍ മാത്യു ടി തോമസ് സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്ത് മുന്‍ എംപി കൂടിയായ നീലലോഹിതദാസന്‍ നാടാരുടെ പേരാണ് പരിഗണനയില്‍. സിപിഐ സ്ഥിരമായി തോല്‍ക്കുന്ന സീറ്റില്‍ നീലന്‍ വന്നാല്‍ വിജയിക്കുമെന്നാണ് ജനതാദളിന്റെ അവകാശ വാദം.
മുന്നണിയോട് സീറ്റ് ആവശ്യപ്പെടാന്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന ജനതാദൾ എസ് സംസ്ഥാന നേതൃയോഗമാണ് തീരുമാനിച്ചത്. കോഴിക്കോട് ലോക്സഭാ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് മുന്നണി വിടുകയും അടുത്തിടെ തിരിച്ചെത്തുകയും ചെയ്ത ലോക് താന്ത്രിക് ജനതാദളിനും ഇതേ ആവശ്യമാണ്. കോഴിക്കോടോ വകടരയോ വേണമെന്നാണ് ആവശ്യം.
പത്തനംതിട്ട അല്ലെങ്കില്‍ കോട്ടയം ലഭിക്കണമെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ മോഹം. ഇടുക്കിയില്‍ സിറ്റിങ് എംപി ജോയ്‌സ് ജോര്‍ജ് വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായതിനാലാണ് ഇടുക്കിയെ കൈവിട്ടത്. ഫ്രാന്‍സിസ് ജോര്‍ജിനെ പത്തനംതിട്ടയിലോ കോട്ടയത്തോ സ്ഥാനാര്‍ഥിയാക്കിയാല്‍ മധ്യതിരുവിതാംകൂറിൽ ഇടതു മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് ജനാധിപത്യ കേരള കോൺഗ്രസ് വിലയിരുത്തല്‍. പത്തനംതിട്ടയില്‍ കഴിഞ്ഞ തവണ സിപിഎം പിന്തുണച്ചത് കോണ്‍ഗ്രസ് നേതാവ് ഫിലിപ്പോസ് തോമസിനെയായിരുന്നു. കോട്ടയത്താകട്ടെ ജനതാദൾ സ്ഥാനാർഥിയുമായിരുന്നു. ഇതിലേതെങ്കിലുമൊന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫ്രാൻസിസ് ജോർജ് വിഭാഗം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here