കഴകം തസ്തികയിലേക്കുള്ള ഒഴിവ് മറച്ചുവച്ച് ദേവസ്വം ബോർഡ് അധികൃതർ; നൂറിലേറെ ഒഴിവുകളുണ്ടായിട്ടും നിയമനം നടന്നത് 60 തസ്തികകളിലേക്ക് മാത്രം

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ കഴകം തസ്തികയിലേക്കുള്ള ഒഴിവ് മറച്ചുവച്ച് ബോർഡ് അധികൃതർ. നൂറിലേറെ ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമായിട്ടും നിയമനം നടന്നത് 60 തസ്തികകളിലേക്ക് മാത്രമാണ്. താൽക്കാലിക ജീവനക്കാരെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്തുകയാണ് ബോർഡിന്റെ ലക്ഷ്യമെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.കൊച്ചിൻ ദേവസ്വംബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ കഴകവൃത്തിക്കായി കഴിഞ്ഞ മാർച്ച് 28നാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത്. പിന്നലെ പരീക്ഷ നടത്തി തയ്യാറാക്കിയ 200ലധികം പേരുടെ റാങ്ക് ലിസ്റ്റിൽ നിന്നും 60 പേർക്ക് നിയമന ഉത്തരവും ലഭിച്ചു. വിവരാവകാശ പ്രകാരം 100ലേറെ ഒഴിവുണ്ടെന്ന് ദേവസ്വം ബോർഡ് തന്നെ വെളിപ്പെടുത്തവേയാണ് റാങ്ക് ലിസ്റ്റിലെ പകുതി ആളുകൾക്ക് മാത്രം നിയമനം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബോർഡിന് കീഴിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതായി വെളിപ്പെട്ടു.
അതേസമയം കഴകം തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ താൽക്കാലിക ജീവനക്കാരെ ഉൾപ്പെടുത്തുകയും പ്രത്യേക മുൻഗണന മാർക്ക് നൽകുമെന്ന് നോട്ടിഫിക്കേഷനിൽ പ്രത്യേകം പറയുകയും ചെയ്തതാണ്. ഇത് കണക്കിലെടുക്കാതെയാണ് റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞ് താൽക്കാലിക ജീവനക്കാർക്ക് അനുകൂലമായ നിലപാട് കൊച്ചിൻ ദേവസ്വം സ്വീകരിക്കുന്നത്. താൽക്കാലിക ജീവനക്കാർ ഹൈക്കോടതിയിൽ നൽകിയ കേസുകൾ ചൂണ്ടിക്കാട്ടിയാണ് റാങ്ക്‌ലിസ്റ്റ് ഒഴിവാക്കി ബോർഡ് പിൻവാതിൽ നിയമനത്തിന് ശ്രമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here