സ്ത്രീയെ ആക്രമിച്ച കേസില്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി പ്രധാനമന്ത്രിക്കൊപ്പം പൊതുവേദിയില്‍

പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രധാന പ്രതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പൊതുവേദിയിൽ. ചിത്തിര ആട്ട വിശേഷത്തിന് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ പി പ്രകാശ് ബാബുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം തൃശ്ശൂരിൽ പൊതുസമ്മേളന വേദി പങ്കിട്ടത്. ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പെടുന്ന ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രകാശ് ബാബു.
മകൻറെ കുട്ടിയുടെ ചോറൂണിന് എത്തിയ സ്ത്രീക്ക് നേരെയാണ് ചിത്തിര ആട്ട വിശേഷ ദിവസത്തിൽ ശബരിമലയിൽ സംഘപരിവാർ അക്രമം അരങ്ങേറിയത്. വധശ്രമം, പ്രേരണ, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി കെ.പി പ്രകാശ് ബാബു ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പൊലീസ് കേസ് എടുത്തു. ഈ കേസിൽ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതികളിൽ ഒരാളാണ് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് കെ പി പ്രകാശ് ബാബു. സംഭവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ അടക്കമുള്ളവർ അറസ്റ്റിലാവുകയും റിമാൻഡിലാകുകയും ചെയ്തെങ്കിലും പ്രകാശിനെതിരെ നടപടിയുമുണ്ടായില്ല. കേസിലെ മറ്റൊരു പ്രതിയായ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി മുൻകൂർ ജാമ്യം എടുത്തിരുന്നു. എന്നാൽ പ്രകാശ് ബാബു മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ പോലും നൽകിയിരുന്നില്ല. ഇതിനിടെയാണ് ഇയാൾ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്.
ചിത്തിര ആട്ട വിശേഷ ദിവസം ശബരിമലയിലെ നിയന്ത്രണം വത്സൻ തില്ലങ്കേരി ഉൾപ്പെടുന്ന ആർഎസ്എസ് നേതൃത്വം ഏറ്റെടുത്തുവെന്ന ആരോപണം കുറച്ചൊന്നുമല്ല എൽഡിഎഫ് സർക്കാരിനെ അലട്ടിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വസതിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ പൊതുമുതൽ നശിപ്പിച്ചതിന്, തൃപ്തി ദേശായിയെ തടഞ്ഞതിനും, നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചതിനും കെ പി പ്രകാശ് ബാബുവിനെതിരെ നിലവിൽ എഴോളം കേസുകളുണ്ട്. ഇതിൽ പലതും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ളതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here