ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യ സാധ്യത തള്ളാതെ ശിവസേന

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെ പിയുമായുള്ള സഖ്യ സാധ്യത തള്ളാതെ ശിവസേന. സീറ്റ് ധാരണ ചർച്ചകള്‍ക്കായി മഹാരാഷ്ട്രയില്‍ ശിവസേന വിളിച്ച് ചേർത്ത എം പിമാരുടെ യോഗം അവസാനിച്ചു. ബി ജെ പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പുരോഗമിക്കുകയാണ്. വിലപേശലിലൂടെ പരമാവധി സീറ്റുകളില്‍ മത്സരിത്തിനിറങ്ങാനുള്ള തന്ത്രമാണ് ശിവസേന മഹാരാഷ്ട്രയില്‍ പയറ്റുന്നത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയും ബി ജെ പിയും തുല്യ സീറ്റുകളില്‍ മത്സരിക്കുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഇത് വരെയും ചർച്ചകള്‍ നടത്തിയിട്ടില്ല. എം പിമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 24 ല്‍ 23 സീറ്റുകളില്‍ ബി ജെ പിയും ഇരുപതില്‍ 18 സീറ്റുകളില്‍ ശിവസേനയും വിജയിച്ചിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതേ സീറ്റ് ധാരണയുണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. സ്ഥാനാർത്ഥി നിർണയം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രാഥമിക ചർച്ചകള്‍ നടത്തുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വില പേശല്‍ വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ശിവസേന. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിച്ച് സഖ്യം വിടാനുള്ള സന്നദ്ധത സേന വ്യക്തമാക്കുകയും ചെയ്തു. ബിഹാറില്‍ നിധീഷ് കുമാറിന്‍റെ ഐക്യ ജനതാദളിന് കൂടുതല്‍ സീറ്റ് നല്‍കിയത് പോലെ സീറ്റ് ധാരണ വേണമെന്നാണ് സേനയുടെ ആവശ്യം. സഖ്യമില്ലാതെ മത്സരിച്ചാല്‍ കോണ്‍ഗ്രസ് എന്‍ സി പി സഖ്യത്തില്‍ നിന്ന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നു. ബാല്‍താക്കറെയുടെ സ്മാരകം നിർമ്മിക്കുന്നതിന് നൂറ് കോടി രൂപ അനുവദിച്ചും നിരന്തരം ചർച്ചകള്‍ നടത്തിയും സമവായ ശ്രമങ്ങളിലാണ് ബി ജെ പി നേതാക്കള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here