വീണ്ടും വായ്പാ തട്ടിപ്പ്; 31,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് പുറത്ത് വിട്ട് കോബ്രാപോസ്റ്റ്

31,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് പുറത്ത് വിട്ട് പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ കോബ്രാപോസ്റ്റ് . ദേവാന്‍ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയതെന്നാണ് വെളിപെടുത്തല്‍. പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കടലാസ് കമ്പനികള്‍ വഴി പണം വിദേശത്തേക്ക് കടത്തിയെന്ന് കോബ്രാപോസ്റ്റ് ആരോപിക്കുന്നു.ആരോപണത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി 12 ശതമാനത്തിലേറെ ഇടിഞ്ഞു.
ബാങ്ക് വായ്പയുടെ രൂപത്തില്‍ 30,000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കോബ്രാപോസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. ബാങ്കേതര ധനകാര്യ സ്ഥാപനമായി 34 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദേവാന്‍ ഹൗസിങ് ഫിനാൻസ് ലിമിറ്റഡാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പെടെ 36 ബാങ്കുകളില്‍ നിന്നും ഡി എച്ച് എഫ് എല്‍ കമ്പനി ഒരു ലക്ഷം കോടി രൂപയോളം വായ്പയെടുത്ത് കടലാസ് കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു. ഡി എച് എഫ് എലിന്റെ തന്നെ സ്ഥാപനങ്ങള്‍ക്കാണ് പണം കൈമാറിയതെന്ന് രേഖകള്‍ പറയുന്നു. ഈ കമ്പനികള്‍ മുഖാന്തരം പണം വിദേശത്തേക്ക് എത്തിക്കുകയായിരുന്നു.
2480 കോടി രൂപ ഗുജറാത്ത് , കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ഈ സംസ്ഥാനങ്ങളിലെ കടലാസ് കമ്പനികളിലേക്ക് വായ്പയായി നല്‍കിയതായും വെളിപെടുത്തലുണ്ട്. കടലാസ് സ്ഥാപനങ്ങള്‍ ബി ജെ പിക്ക് ഇരുപതു കോടി രൂപയോളം സംഭാവന നല്‍കിയതായും കോബ്ര പോസ്റ്റ് വെളിപ്പെടുത്തലുണ്ട്. യാതൊരു വിധ ഈടും ഇല്ലാതെയാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നതിനാലും, കമ്പനികളില്‍ ഭുരിഭാഗവും വ്യാജമാണെന്നതിനാലും 31000 കോടി രുപ തിരിച്ചു പിടിക്കുക പ്രയാസകരമായിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here