സിപിഐഎം ഓഫീസിലെ റെയ്ഡ്: ചൈത്രയ്‌ക്കെതിരായ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതുമായി ബന്ധപ്പെട്ട് മുന്‍ ഡിസിപി ചൈത്ര തെരേസ ജോസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. എഡിജിപി മനോജ് എബ്രഹാം സമര്‍മ്മിച്ച റിപ്പോര്‍ട്ട് മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്. ചൈത്രയ്‌ക്കെതിരെ കടുത്ത നടപടികളൊന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നില്ല. റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിര്‍ണ്ണായകമായിരിക്കും.
നടപടി ക്രമങ്ങള്‍ പാലിച്ച് നിയമപരമായി തന്നെയായിരുന്നു ചൈത്രയുടെ അന്വേഷണമെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ട് അതേപടി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയായിരുന്നു.
ചൈത്രയ്‌ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം എതിരഭിപ്രായമാണ്. റെയ്ഡിന് ഉന്നത ഉദ്യോഗസ്ഥരുടേയോ ആഭ്യന്തര വകുപ്പിന്റേയോ അനുമതി ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ചൈത്രയ്‌ക്കെതിരെ നടപടി വേണ്ടെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മാത്രവുമല്ല, സെര്‍ച്ച് വാറണ്ട് ഉള്‍പ്പെടെ നടപടികളുമായാണ് ചൈത്ര തെരേസ റെയ്ഡിനെത്തിയത്. അതുകൊണ്ടുതന്നെ ചൈത്രയ്‌ക്കെതിരെ കര്‍ശന നടപടി ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. നിയമസഭയില്‍ ചൈത്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here