Advertisement

ഐക്യകേരളത്തിന്റെ ആദ്യ ബജറ്റിനെ കുറിച്ച് അറിയാം

January 30, 2019
Google News 1 minute Read

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയുള്ള സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. ഐക്യകേരളത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചിട്ട് 62 വര്‍ഷമായി. കേരളത്തിന്റെ ആദ്യ ബജറ്റിനെ കുറിച്ച് അറിയാം:

Read Also: ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചത് കെ.എം മാണി

ഐക്യകേരളത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് 1957 ജൂണ്‍ ഏഴിനാണ്. ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത് കമ്യൂണിസ്റ്റ് നേതാവും അന്നത്തെ ധനമന്ത്രിയുമായിരുന്ന സി. അച്യുതമേനോന്‍ ആണ്. ഒന്നാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിലാണ് ബജറ്റ് അവതരണം നടന്നത്. അന്നത്തെ മന്ത്രിസഭയില്‍ അംഗമായിരുന്നവരില്‍ കെ.ആര്‍ ഗൗരിയമ്മ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവായിരുന്ന പി.ടി ചാക്കോയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഇ.എം.എസ് ആയിരുന്നു മുഖ്യമന്ത്രി. ശങ്കരനാരായണന്‍ തമ്പി ആയിരുന്നു നിയമസഭാ സ്പീക്കര്‍ കസേരയില്‍. ആദ്യ ബജറ്റ് ധനമന്ത്രി സി. അച്യുതമേനോൻ അവതരിപ്പിച്ചതു മുതൽ ഇപ്പോഴത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കാൻ പോകുന്ന ബജറ്റുവരെയുള്ള കാലഘട്ടം അറുപത്തിരണ്ട് വർഷമാണ്.

അച്യുതമേനോൻ ബജറ്റ്‌ പ്രസംഗം തുടങ്ങിയത്‌ ഇങ്ങനെ: “കേരള സംസ്ഥാനത്തിലെ പ്രഥമ ബജറ്റ്‌ അവതരിപ്പിക്കുന്നതിനുള്ള അസുലഭമായ ഭാഗ്യം കൈവന്നതിൽ ഞാൻ അംഗമായിട്ടുള്ള ഗവൺമെന്റിനും എനിക്കുമുള്ള ചാരിതാർത്ഥ്യം രേഖപ്പെടുത്തിക്കൊള്ളട്ടെ. അത്‌ ചെയ്യുമ്പോൾ ഈ സംസ്ഥാനത്തെ നേരിടുന്ന പ്രശ്നങ്ങളുടെ വൈപുല്യവും നമ്മുടെ ഇന്നത്തെ കഴിവുകളുടെ പരിമിതിയും ഞാൻ ഓർക്കായ്കയല്ല. എന്നിരുന്നാലും കേരളീയ ജനതയുടെ നീണ്ടകാലത്തെ യത്നങ്ങളുടെയും സമരങ്ങളുടെയും ഫലമായി ലഭിച്ച സംസ്ഥാനത്തെ കെട്ടിപ്പടുക്കുകയെന്ന മഹത്തായ കടമയിൽ ഈ സഭയ്ക്കകത്തും പുറത്തുമുള്ള എല്ലാ കക്ഷികളുടെയും ആളുകളുടെയും നിർലോഭമായ സഹകരണം ഉണ്ടാകുമെന്ന ഉറപ്പ്‌ എനിക്ക്‌ ആത്മവിശ്വാസം നൽകുന്നു.”

അച്യുതമേനോൻ ബജറ്റ്‌ പ്രസംഗം അവസാനിപ്പിച്ചത്‌ ഇങ്ങനെ: “ഈ സംസ്ഥാനത്തെ ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ യാഥാർത്ഥ്യബോധത്തോടുകൂടി സമീപിക്കാനും അവയ്ക്ക്‌ ഉചിതമായ പരിഹാരങ്ങൾ കണ്ടുപിടിച്ച്‌ നിർദ്ദേശിക്കാനും കഴിവിനൊത്ത്‌ ഗവൺമെന്റ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. സഭയുടെ സഹായകരമായ വിമർശനത്തിനും വിലയേറിയ നിർദേശങ്ങൾക്കും ഞാനിതു സമർപ്പിക്കുന്നു. കക്ഷി ഏതായാലും അഭിപ്രായവ്യത്യാസം എന്തുതന്നെയായാലും നാമെല്ലാം നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ പുനർനിർമാണമാകുന്ന മഹത്തായ സംരംഭത്തിൽ ഭാഗഭാക്കുകളാണെന്ന സത്യം അവശേഷിക്കുന്നു. ഈ ബജറ്റ്‌ ചർച്ചയും അതിലേയ്ക്കുള്ള കനത്ത സംഭാവനയായിത്തീരട്ടെ എന്നു പ്രാർഥിച്ചുകൊണ്ട്‌ ഞാൻ ഉപസംഹരിക്കുന്നു.”

ഐക്യകേരളം രൂപീകൃതമായതിനു ശേഷമുള്ള ബജറ്റ് പോലെ ചരിത്രത്തില്‍ തന്നെ പ്രസക്തമാകാന്‍ പോകുന്ന ബജറ്റാണ് നാളെ തോമസ് ഐസക് അവതരിപ്പിക്കാന്‍ പോകുന്നത്. കാരണം, ചരിത്രത്തിലൊന്നും ഇല്ലാത്ത വിധം പ്രളയം കേരളത്തെ അത്രമേല്‍ താറുമാറാക്കിയിരിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നിരിക്കുകയാണ്. കേരളത്തെ പിടിച്ചുയര്‍ത്താനും സാമ്പത്തിക നില ഭദ്രമാക്കാനും ഉതുകും വിധമുള്ള പദ്ധതികളായിരിക്കണം നാളെ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ ഉണ്ടായിരിക്കേണ്ടത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം തന്നെയായിരിക്കും നാളെ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റിനെ ശ്രദ്ധേയമാക്കുന്നത്.

Read Also: സംസ്ഥാന ബജറ്റ് നാളെ; കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രാധാന്യം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here