Advertisement

‘പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരം ഉള്‍ക്കൊള്ളാതെ ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ പാടില്ല’

January 30, 2019
Google News 0 minutes Read
abhijith

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന എം.ഐ ഷാനവാസിന്റെ മകളുടെ പ്രഖ്യാപനത്തിനെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരം ഉള്‍ക്കൊള്ളാതെ ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ പാടില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്ന് അഭിജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അതേസമയം, വ്യക്തി ജീവിതത്തില്‍ നിന്ന് പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ വേണ്ടി ഷാനവാസിന്റെ മകള്‍ കടന്നുവരുമ്പോള്‍ പരിപൂര്‍ണ്ണ പിന്തുണയുമായി അവര്‍ക്കൊപ്പം താന്‍ ഉള്‍പ്പെടെയുള്ള കെ.എസ്.യു പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്നും അഭിജിത്ത് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരളത്തിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വ്യക്തിത്വമായിരുന്നു ബഹു.എം.ഐ ഷാനവാസ്. കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വ പദവികൾ വഹിച്ചുകൊണ്ട് പ്രതിസന്ധിയിൽ പാർട്ടിയെ കെട്ടിപ്പടുക്കാൻ നേതൃത്വം കൊടുത്ത നേതാവ് കൂടിയാണ് അദ്ദേഹം. ഒരുപക്ഷേ കേരളത്തിലെ കോൺഗ്രസ്സ് ചരിത്രത്തിൽ തിരുത്തൽവാദ രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് എം.ഐ. ബഹു.എം.ഐ ഷാനവാസിന്റ വിയോഗം കോൺഗ്രസ്സ് പാർട്ടിക്ക്, വിശിഷ്യാ മലബാറിലെ കോൺഗ്രസ്സ് പാർട്ടിക്കും ജനങ്ങൾക്കും വലിയ പ്രയാസമാണ് സൃഷ്ടിച്ചത് … മറ്റൊരു പാർലമെൻറ് തിരഞ്ഞെടുപ്പുകാലത്ത് എം.ഐ ഷാനവാസിന്റ വിയോഗം പാർട്ടിക്കും സമൂഹത്തിനും എത്രമാത്രം നഷ്ടമാണുണ്ടാക്കിയതെന്ന് തിരിച്ചറിയപ്പെടുകയാണ്.. കെ.എസ്.യു.വിന് യൂത്ത് കോൺഗ്രസ്സിന്, കോൺഗ്രസ്സിന് പ്രതിസന്ധികളിൽ കൈത്താങ്ങായ എം.ഐ ക്ക് പകരം മറ്റൊരു പകരക്കാരനെ പാർട്ടി നേതൃത്വം കണ്ടെത്തും എന്ന കാര്യത്തിൽ തർക്കമില്ല… പക്ഷെ അറിഞ്ഞോ അറിയാതെയോ വയനാട് പാർലമെൻറ് സീറ്റിൽ അദ്ദേഹത്തിൻറെ മകളുടെ പേര് വരെ ചർച്ച ചെയ്യപ്പെടുന്നത് കണ്ടു… തിരുത്തൽ വാദത്തിന് നേതൃത്വംകൊടുത്ത എം.ഐ ഷാനവാസിന്റെ മകൾ കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നതിനെ ഇരു കൈകൾ നീട്ടി സ്വാഗതം ചെയ്യുന്നു… പക്ഷേ വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട് പോലെ 100% വിജയസാധ്യതയുള്ള മണ്ഡലത്തിൽ പാർട്ടിപ്രവർത്തകരുടെ,ജനങ്ങളുടെ വികാരം ഉൾകൊള്ളാതെ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ പാടില്ലെന്ന് കൃത്യമായി പാർട്ടി നേതൃത്വത്തെ അറിയിക്കും.. വ്യക്തി ജീവിതത്തിൽ നിന്ന് പാർട്ടിയെ കെട്ടിപ്പടുക്കാൻ വേണ്ടി എം.ഐയുടെ മകൾ കടന്നു വരുമ്പോൾ പരിപൂർണ്ണ പിന്തുണയുമായി അവർക്കൊപ്പം ഞാനുൾപ്പെടെയുള്ള കെ.എസ്‌.യു പ്രവർത്തകർ ഉണ്ടാകും.. അതുകൊണ്ട് പാർട്ടിയിൽ പ്രവർത്തിക്കാൻ അവർ തയ്യാറായാൽ കൃത്യമായ പാർട്ടി നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നു അവരുടെ കഴിവുകളെ പ്രകടിപ്പിക്കാനുള്ള അവസരം കോൺഗ്രസ്സ് പാർട്ടി ഒരുക്കണമെന്നും ബഹു. പാർട്ടി നേതാക്കളെ അറിയിക്കും. ബഹുമാനപ്പെട്ട എ.ഐ.സി.സി പ്രസിഡണ്ട് ശ്രീ.രാഹുൽഗാന്ധി സൂചിപ്പിച്ച പോലെ പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നട്ടെല്ലായ ബൂത്ത് തല പ്രവർത്തകരുടെ കൂടി വികാരം ഉൾക്കൊണ്ട് വയനാടിൻറെ കാര്യത്തിൽ പാർട്ടി കൃത്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടും…..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here