ഇടക്കാല കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി

പീയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കുന്നു. തീന്‍മൂര്‍ത്തി ഭവനിലെ വീട്ടില്‍ നിന്നിറങ്ങി നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് ബജറ്റിന് അംഗീകാരം തേടി. തുടര്‍ന്ന് പാര്‍ലമെന്റില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ പീയുഷ് ഗോയല്‍ ബജറ്റ് അവതരണത്തിന് സര്‍ക്കാര്‍ അനുമതി തേടി. സാധാരണ നിലയില്‍ ചില രേഖകള്‍ ബജറ്റിന് മുമ്പായി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കാറുണ്ട്. എന്നാല്‍ ഇക്കുറി ബജറ്റ് അവതരണം മാത്രമാണ് അജണ്ട.
ഇതിനിടെ ബജറ്റ് ചോര്‍ന്നു എന്ന വിമര്‍ശനം കോണ്‍ഗ്രസ് ഉയര്‍ത്തിക്കഴിഞ്ഞു. ആദായ നികുതി പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തും, ഭവനവായ്പയുടെ ആദായ നികുതി ആനുകൂല്യം രണ്ടര ലക്ഷമാക്കും തുടങ്ങിയ വിവരങ്ങള്‍ സര്‍ക്കാര്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തു.
ബജറ്റിന്റെ അച്ചടിച്ച കോപ്പികള്‍ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം പാര്‍ലമെന്റില്‍ എത്തിച്ചു. സീലുവച്ച ചാക്കുകളിലാണ് സൈന്യം ബജറ്റ് കോപ്പികള്‍ എത്തിച്ചത്. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ബജറ്റ് കോപ്പികള്‍ വിതരണം ചെയ്തു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തവണ ബജറ്റിന്റെ അച്ചടിച്ച കോപ്പികള്‍ കൊടുക്കില്ല. വെബ്‌സൈറ്റിലൂടെയാകും പാര്‍ലമെന്റ് അംഗങ്ങളല്ലാത്തവര്‍ക്ക് ബജറ്റ് ലഭ്യമാക്കുക. പേപ്പര്‍ ഉപയോഗം കുറയ്ക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇത്.
Read More:കേന്ദ്ര ബജറ്റ്: ആരോഗ്യ മേഖലയ്ക്കായി ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കും
കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാകും അവതരിപ്പിക്കുകയെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ് പറഞ്ഞിരുന്നു. പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കാര്‍ഷിക മേഖലയ്‌ക്കൊപ്പം മധ്യവര്‍ഗ്ഗത്തെക്കൂടി ലക്ഷ്യം വയ്ക്കുന്ന ജനപ്രിയ പ്രഖ്യാപനങ്ങളുള്ള ബജറ്റാകും പീയുഷ് ഗോയല്‍ അവതരിപ്പിക്കുക എന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here