കണ്ണൂർ വിമാനത്താവളത്തിന് നൽകുന്ന പ്രധാന്യം കോഴിക്കോട് വിമാനത്താവളത്തിന് നൽകുന്നില്ലെന്ന് പ്രതിപക്ഷം; രൂക്ഷ ഭാഷയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി

കണ്ണൂർ വിമാനത്താവളത്തിന് നൽകുന്ന പ്രധാന്യം മുഖ്യമന്ത്രിയും സർക്കാരും കോഴിക്കോട് വിമാനത്താവളത്തിന് നൽകുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. വിമാനത്തിന്റെ ഇന്ധന നികുതി അഞ്ച് ശതമാനമാക്കി കുറയ്ക്കാൻ 2017ൽ എടുത്ത മന്ത്രിസഭ തീരുമാനം മുഖ്യമന്ത്രി തന്നെ അട്ടിമറിക്കുന്നതായി എം കെ മുനീർ ആരോപിച്ചു. ഒരു പ്രദേശത്തിന്റെ മാത്രം മുഖ്യമന്ത്രിയായി പിണറായി വിജയൻ പ്രവർത്തിക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാട്ടുന്ന അവഗണന മൂലം കരിപ്പൂർ വിമാനത്താവളത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. വിമാനത്തിന്റെ ഇന്ധന നികുതി 29 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറയ്ക്കാൻ 2017 സെപ്റ്റംബർ 27 ന് ചേർന്ന മന്ത്രിസഭ തീരുമാനമെടുത്തിട്ടും അത് നടപ്പായില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച എം കെ മുനീർ ആരോപിച്ചു. കണ്ണൂർ വിമാനത്താവളത്തിലെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറയ്ക്കാനെടുത്ത തീരുമാനത്തെ ചൂണ്ടിക്കാട്ടി, ഒരു പ്രദേശത്തിന്റെ മാത്രം മുഖ്യമന്ത്രിയായിട്ടാണ് പിണറായി വിജയൻ പ്രവർത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളെയും ഒരു പോലെ കാണാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുനീർ ആവശ്യപ്പെട്ടു.
പ്രതിപക്ഷ ആരോപണങ്ങൾക്ക് രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. കണ്ണൂരിന് വേണ്ടി താൻ എന്തോ പ്രത്യേക താത്പര്യം കാണിച്ചുവെന്നാണ് ആക്ഷേപം. പുതിയ വിമാനത്താവളം നടപ്പിലാക്കാൻ പ്രത്യേക താത്പര്യം കാണിച്ചുവെന്നത് ശരി. അതേ താത്പര്യം ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിലും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുനീർ തെറ്റായ ചിത്രം വരച്ചു കാട്ടാൻ ശ്രമിക്കുന്നുവെന്നും സ്ഥലമേറ്റെടക്കലാണ് അവിടത്തെ പ്രധാന പ്രശ്‌നമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് പിറകിൽ ആരാണ്. ഇപ്പോൾ പ്രതിഷേധിക്കുന്നവർ അതിന്റെ അൽപ്പമെങ്കിലും താത്പര്യം സ്ഥലമേറ്റെടുക്കലിൽ കാണിച്ചോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here