നടി ഭാനുപ്രിയയുടെ വീട്ടില്‍ ജോലിക്കെത്തിയ പെണ്‍കുട്ടി മോഷണം നടത്തി; ജുവൈനല്‍ ഹോമിലേക്ക് മാറ്റി

നടി ഭാനുപ്രിയയുടെ വീട്ടില്‍ ജോലിക്ക് നിറുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കും എതികെ മോഷണം ആരോപിച്ച് ഭാനുപ്രിയ നല്‍കിയ പരാതിയിലാണ് നടപടി. ഭാനുപ്രിയയുടെ വീട്ടിൽ നിന്ന് പെൺകുട്ടി സ്വർണ്ണവും പണവും മോഷ്ടിച്ചെന്ന് പൊലീസും വ്യക്തമാക്കി. പെൺകുട്ടിയുടെ അമ്മ പ്രഭാവതി കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മയെ പുഴല്‍ ജയിലിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയത്.
ചൈൽഡ് ലൈൻ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി മോഷണ വിവരം സമ്മതിച്ചത്. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ നടിയുടെ വീട്ടിൽ നിന്ന് രക്ഷിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാൽ പെൺകുട്ടികളുടെ മാതാപിതാക്കൾ കുട്ടികൾക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവർക്ക് യാതൊരു ഉപദ്രവവും ഏൽപ്പിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള പ്രഭാവതിയെന്ന യുവതിയാണു നടിക്കെതിരെ രംഗത്തു വന്നത്. തന്റെ പതിനാലു വയസ് മാത്രം പ്രായമുളള മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ച് സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. പതിനെട്ട് മാസത്തോളം ശമ്പളം നിഷേധിച്ചതായും പരാതിയിൽ പറയുന്നു. ഭാനുപ്രിയയുടെ സഹോദരനും പെൺകുട്ടിയെ ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here