മൂന്ന് നിലകെട്ടിടത്തിന്റെ മുകളിൽ നിന്ന് പല തവണ താഴേക്ക്… ആദ്യ തമിഴ് ചിത്രത്തിന്റെ അനുഭവങ്ങൾ പങ്കുവച്ച് ശ്രിത ശിവദാസ്

ഓഡിനറി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക്  സ്വന്തമായ നടിയാണ് ശ്രിത ശിവദാസ്. ടോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിലാണ് ശ്രിത ഇപ്പോൾ. സന്താനം നായകനാകുന്ന കോമഡി ഹൊറർ ചിത്രം ധില്ലുകു ധുഡ്ഡുവിൽ നായികയാണ് ശ്രിത. ഈ വരുന്ന ഫെബ്രുവരി ഏഴിന് തമിഴ്നാടിനോടൊപ്പം കേരളത്തിലും ചിത്രം റിലീസ് ചെയ്യും. സൂപ്പര്‍ഹിറ്റ് ചിത്രമായ ധില്ലുകു ധുഡ്ഡുവിന്റെ രണ്ടാം ഭാഗമാണ് ഇത്. ചിത്രത്തിന്റെ വിശേഷങ്ങൾ ട്വന്റിഫോറുമായി പങ്കുവയ്ക്കുകയാണ് നായിക ശ്രിത.

ആദ്യ തമിഴനുഭവം?
അതെ എന്റെ ആദ്യ തമിഴ് ചിത്രമാണിത്. അത് കൊണ്ട് തന്നെ വലിയ ടെൻഷനോടെയാണ് സെറ്റിൽ ജോയിൻ ചെയ്തത്. എന്റെ സുഹൃത്ത് വഴിയാണ് ചിത്രത്തിലേക്ക് എത്തുന്നത്. ആ സുഹൃത്താണ് എന്റെ ഫോട്ടോകൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അയച്ച് കൊടുത്തത്.
ചിത്രത്തിന്റെ ആദ്യത്തെ ഷെഡ്യൂൾ കേരളത്തിലായിരുന്നു. ചോറ്റാനിക്കരയായിരുന്നു ആദ്യ ഷെഡ്യൂൾ. അങ്ങോട്ടാണ് ഞാൻ ആദ്യം ചെല്ലുന്നത്. ടെൻഷനോടെയാണ് ചെന്നത്. ഭാഷ തന്നെ പ്രശ്നം. സന്താനം തമിഴ് ഭാഷ വളരെ സ്പീഡിൽ കൈകാര്യം ചെയ്യുന്ന ആളാണ്. അത്തരത്തിലൊരാളോടൊപ്പം എങ്ങനെ പിടിച്ച് നിൽക്കും എന്ന ടെൻഷനായിരുന്നു.  പേടിയോടെയാണ് ചെന്നത്. അവിടെ  ഓഡീഷൻ ഉണ്ടായിയിരുന്നു. അത് വഴിയാണ് സിനിമയിലേക്ക് സെലക്റ്റ് ചെയ്യപ്പെടുന്നത്

ആദ്യ തമിഴ് കഥാപാത്രം
തമിഴ് കഥാപാത്രം എന്ന് പറയാനാകില്ല കാരണം തമിഴ് ചിത്രമാണെങ്കിലും ഒരു മലയാളി പെൺകുട്ടിയുടെ വേഷമാണെനിക്ക്. തമിഴും മലയാളവും മിക്സ് ചെയ്ത് സംസാരിക്കുന്ന ഒരു കുട്ടിയാണ്.  ഹൈദ്രാബാദിലായിരുന്നു ചിത്രത്തിന്റെ ബാക്കി ഷൂട്ടിംഗ് മുഴുവൻ. ഹൊറർ കോമഡി ആയത് കൊണ്ട് തന്നെ രാത്രിയായിരുന്നു ഷൂട്ടിംഗിന്റെ ഭൂരിഭാഗവും. ആദ്യം ഒക്കെ കാണാപാഠം പഠിക്കുകയായിരുന്നു ഡയലോഗ്.

സന്താനത്തിനൊപ്പമുള്ള  അഭിനയം?

സന്താനം ഷൂട്ടിംഗിനിടെ തന്നെ കയ്യിൽ ഡയലോഗ് വരെ ഇട്ട്  അഭിനയിക്കും. എതിരെ നിൽക്കുന്ന ആളിന്റെ കിളിപോകുന്ന തരത്തിൽ ടൈമിംഗാണ്. ഭാഷ തന്നെ വശമല്ലാത്ത ഞാൻ ഈ സ്പീഡ് കണ്ട് ആകെ ടെൻഷനായി. എന്നാൽ എന്റെ ടെൻഷൻ തിരിച്ചറിഞ്ഞ് സെറ്റ് ഭയങ്കര കൂളാക്കി തന്നു സന്താനം. സന്താനത്തിന്റെ ഒപ്പമുള്ളവർ തന്നെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ രംഗത്തും ഉള്ളത്. അവരെല്ലാം കൂടി ചെറുപ്പത്തിൽ അറിയുന്ന കൂട്ടുകാർ തന്നെയാണ്. പെട്ടെന്ന് അവരുമായി കമ്പനിയായി. സെറ്റിൽ എപ്പോഴും കോമഡിയാണ് ‘ലൊല്ലു സഭ’ എന്ന സന്താനം പണ്ട് ചെയ്തിരുന്ന പരിപാടിയുടെ ടീമാണത്, ആ ടീം ഉള്ളത് കൊണ്ട സെറ്റ് എപ്പോഴും കോമഡി ഷോ പോലെയായിരുന്നു.

കോമഡിയിൽ ഒപ്പം സന്താനവും ഉർവശിയും എങ്ങനെ പിടിച്ച് നിന്നു?

പറയാതിരിക്കാൻ വയ്യ. ഒരു ക്ലാസ് മുറി തന്നെയാണ് ഇവരടൊപ്പം ഉള്ള അഭിനയം. ചേച്ചിയെ എനിക്ക് പേഴ്സണലി നേരത്തെ അറിയാം. എങ്കിലും ഒരുമിച്ച് വർക്ക് ചെയ്യുന്നത് ഇപ്പോഴാണ്. ചേച്ചിയും സിനിമയിൽ ഒരു മലയാളി കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുന്നത്. കുറച്ച് കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നു. അത് എനിക്ക് വളരെ വലിയ ഒരു എക്സ്പീരിയൻസായിരുന്നു. ഉർവശി ചേച്ചിയായിരുന്നു മലയാളം സംസാരിക്കാൻ എനിക്ക് ഏക ആശ്രയം. അത് തന്നെ വലിയ സമാധാനമായിരുന്നു.

ഹൊറർ രംഗങ്ങളിലെ ആക്ഷൻ സീക്വൻസുകളെ കുറിച്ച്
അയ്യോ.. സിനിമയിൽ മറക്കാനാകാത്ത അനുഭവം ആക്ഷൻ രംഗം തന്നെയാണ്. സിനിമയുടെ ക്ലൈമാക്സ് രംഗത്തോട് അനുബന്ധിച്ച് നടന്ന ഷൂട്ടിലാണത്. മൂന്ന് നില കെട്ടിടത്തിന്റെ പൊക്കത്ത് നിന്ന് താഴേക്ക് വീഴുന്നതാണ്. ഡ്യൂപ്പ് ഇല്ലാതെ അഭിനയിക്കാനാകുമോ എന്ന് സംവിധായകൻ ചോദിച്ചു. ആദ്യം പറ്റില്ലെന്ന് പറഞ്ഞെങ്കിലും ഡ്യൂപ്പിനെ വച്ചാലുള്ള പരിമിതികൾ മനസിലായപ്പോൾ ധൈര്യം സംഭരിച്ച് ചെയ്യാമെന്നേറ്റു. പല ആംഗിളുകളിൽ നിന്ന് ഷൂട്ട് ചെയ്യേണ്ട സീക്വൻസ് ആയിരുന്നു അത്. ഡ്യൂപ്പിനെ വച്ചാൽ മുഖം കാണിക്കാതെ ഷോട്ട് വയ്ക്കാൻ പ്രയാസമാണ്. ഒന്നോ കൂടിയാൽ മൂന്നോ നാലോ തവണ ചാടേണ്ടി വരുമെന്നാണ് കരുതിയത്. രാത്രി 12 മണിയ്ക്ക് റോപ് കെട്ടി കെട്ടിടത്തിന് മുകളിൽ കയറിയ ഞാൻ പുലർച്ചെ ആറ് മണിവരെ ചാട്ടമായിരുന്നു. നടക്കുന്നതിനിടയിൽ വീഴുന്നത് പോലുള്ള ഒരു സീനാണ്. ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യുമ്പോൾ ഭയം പോകുമെന്നാണ് വിചാരിച്ചേ… പക്ഷേ നടന്നില്ല ഓരോ തവണ ചാടുമ്പോഴും പേടിച്ച് വിറയ്ക്കുകയായിരുന്നു.  ബഞ്ചി ജംപ് പോലെ എളുപ്പമാകുമെന്നാ കരുതിയത്. പക്ഷേ അങ്ങനെയായിരുന്നില്ല. എനിക്ക് ഉയരം പേടിയുള്ള ഒരു ആളു കൂടിയാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ എങ്ങനെ എന്നെ കൊണ്ട് അത് സാധിച്ചു എന്ന് അത്ഭുതപ്പെടുകയാണ്.

ആദ്യ തമിഴ് ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ  തമിഴിൽ നിന്ന് കൂടുതൽ അവസരങ്ങൾ ഇപ്പോൾ ശ്രിതയെ തേടിയെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ധില്ലുകു ധുഡ്ഡു ടീമിനൊപ്പം യാത്രയിലാണ് ശ്രിത. അടുത്ത ആഴ്ച തന്നെ ഒരു ചിത്രത്തിൽ കരാർ ഒപ്പിടാനുള്ള ഒരുക്കത്തിലുമാണ്.


സൂപ്പര്‍ഹിറ്റ് ചിത്രമായ ധില്ലുകു ധുഡ്ഡുവിന്റെ രണ്ടാം ഭാഗമാണ് ഇത്. ചിത്രത്തിന്റെ ടീസർ തന്നെ രസികനായിരുന്നു രജനീകാന്ത് ചിത്രം പേട്ടയെയും അജിത് ചിത്രം വിശ്വാസത്തെയും പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് ടീസര്‍. മൊട്ട രാജേന്ദ്രന്‍, ബിപിന്‍, ദീപ്തി എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റംഭാലയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ ഒന്നാം ഭാഗം ഒരുക്കിയതും റംഭാലയാണ്.  2016ലാണ് ചിത്രത്തിന്റ ഒന്നാം ഭാഗം ഇറങ്ങിയത്.  ദീപക് കുമാറിന്റേതാണ് ക്യാമറ. വത്തിക്കുച്ചി, അറിമ നമ്പി എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച ഷബിറാണ് ഈ ചിത്രത്തിന്റെയും സംഗീത സംവിധായകൻ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More