സൗദിയിൽ സൈനിക സേവനത്തിന് വനിതകളെ റിക്രൂട് ചെയ്യുമെന്നു ആഭ്യന്തര മന്ത്രാലയം

സൗദി അറേബ്യയിൽ സൈനിക സേവനത്തിന് വനിതകളെ റിക്രൂട് ചെയ്യുമെന്നു ആഭ്യന്തര മന്ത്രാലയം. തെരഞ്ഞെടുക്കുന്നവർക്ക് സൈനിക കോളജിൽ പരിശീലനം നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ സ്‌പെഷ്യൽ റാങ്കിൽ നിയമിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദിയിൽ നിരവധി വനിതാ ശാക്തീകരണ പദ്ധതികളാണ് അടുത്തകാലത്ത് നടപ്പിലാക്കിയത്. വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതിനു പുറമെ ഫയർ ഫൈറ്റിംഗ്, കസ്റ്റംസ്, പാസ്‌പോർട്ട് വകുപ്പ്, എവർലൈൻസ് എന്നിവിടങ്ങളിലും വനിതകളെ നിയമിച്ചിരുന്നു. ട്രാഫിക് പൊലീസിലും വനിതകൾക്ക് നിയമനം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയാണ് സൈനിക സേവനത്തിന് വനിതകളെ റിക്രൂട് ചെയ്യാനുളള തീരുമാനം.
21നും 35നും ഇടയിൽ പ്രായമുളള യുവതികളെയാണ് തെരഞ്ഞെടുക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സൈനിക കാര്യ അണ്ടർ സെക്രട്ടേറിയറ്റ് അറിയിച്ചു. എഴുത്തു പരീക്ഷ, ഇന്റർവ്യൂ, മെഡിക്കൽ ഫിറ്റ്‌നസ്സ് എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്കുലിസ്റ്റിൽ നിന്നാണ് യുവതികളെ തെരഞ്ഞെടുക്കുന്നത്.
തെരഞ്ഞെടുക്കുന്നവർക്ക് കിംഗ് ഫഹദ് സെക്യൂരിറ്റി അക്കാദമിയിലെ വുമൺസ് സെക്യൂരിറ്റി ട്രൈനിംഗ് സെന്ററിൽ പരിശീലനം നൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here