Advertisement

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ.പത്മകുമാര്‍ പുറത്തേക്ക്

February 7, 2019
Google News 1 minute Read
A Padmakumar

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ.പത്മകുമാര്‍ പുറത്തേക്ക്. ശബരിമല വിഷയത്തില്‍ പത്മകുമാര്‍ സ്വീകരിച്ച നിലപാടുകള്‍ സര്‍ക്കാരിനും ബോര്‍ഡിനും തിരിച്ചടിയായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എ പത്മകുമാര്‍ പുറത്താകുന്നത്. മുഖ്യമന്ത്രിയുടെ അനിഷ്ടവും ഇതിന് കാരണമായി പറയുന്നുണ്ട്. ശബരിമല വിഷയത്തില്‍ വിവിധ ഘട്ടങ്ങളിലായി സ്വീകരിച്ച നിലപാടുകളും പുനഃപരിശോധനാ ഹര്‍ജിയിലെ ദേവസ്വം നീക്കത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നതുമാണ് എ.പത്മകുമാറിന് വിനയായത്.

പത്മകുമാര്‍ തുടരുന്നതില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന സൂചന. ഇതോടെ പത്മകുമാറിന് പകരക്കാരനായി നിലവിലെ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അദ്ധ്യക്ഷന്‍ രാജഗോപാലന്‍ നായരെ നിയോഗിക്കാന്‍ നീക്കമാരംഭിച്ചിട്ടുണ്ട്. ഒപ്പം നിലവിലെ ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു വിരമിക്കുന്ന മുറയ്ക്ക് ദേവസ്വം റിക്രുട്ട്മെന്റ് ബോര്‍ഡ് അദ്ധ്യക്ഷനുമാകും. അതേസമയം ബോര്‍ഡിന്റെ നിലപാട് മാറ്റത്തില്‍ രാജഗോപാലന്‍ നായര്‍, എന്‍.വാസു എന്നിവര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ഇവരുടെ നീക്കങ്ങള്‍ നിയന്ത്രിച്ചതെന്നും സൂചനയുണ്ട്.

ഇതിനിടെ ബോര്‍ഡിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വകുപ്പ് മന്ത്രിയോട് ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയതല്ലെന്ന് പ്രസിഡന്റ്‌ എ.പത്മകുമാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. സെപ്റ്റംബര്‍ 28ലെ സുപ്രീം കോടതി വിധി അംഗീകരിക്കുകയാണ് ചെയ്തത്. സര്‍ക്കാരിന്റെ അഭിപ്രായത്തിന് അടിപ്പെട്ടിട്ടല്ല ബോര്‍ഡിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍  ഇന്നലെ യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ ബോർഡിന്റെ നിലപാട് മാറ്റം ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയാതെയെന്ന് സൂചന. സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിൽ എ പത്മകുമാർ ദേവസ്വം കമ്മീഷ്ണറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

തന്നോട് പറയുകയോ ആലോചിക്കുകയോ ചെയ്യാതെയാണ് ദേവസ്വം ബോർഡ് തീരുമാനം എടുത്തത്. ദേവസ്വം കമ്മീഷ്ണർ എൻ വാസു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയിൽ സർക്കാർ മലക്കം മറിഞ്ഞതെന്ന് എ പത്മകുമാർ ഇന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തി. എന്തുകൊണ്ട് നിലപാട് മാറ്റിയ കാര്യം തന്നെ അറിയിച്ചില്ലെന്ന് പത്മകുമാർ ദേവസ്വം കമ്മീഷ്ണർ എൻ വാസുവിനോട് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്.

Read More : ദേവസ്വം ബോര്‍ഡിനെതിരെ പന്തളം രാജകൊട്ടാരം

സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് തന്നെയാണ് ശബരിമല വിഷയത്തില്‍ ദേവസ്വം ബോർഡിനും ഉള്ളതെന്നാണ് സുപ്രീം കോടതിയില്‍ ബോർഡ് പറഞ്ഞത്. വിധി പുനഃപ്പരിശോധിക്കേണ്ടെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. ബോർഡ് നിലപാട് മാറ്റിയല്ലോ എന്ന് ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. നിലപാട് മാറ്റിയെന്നും വേണമെങ്കിൽ അക്കാര്യം കാട്ടി അപേക്ഷ ഫയൽ ചെയ്യാമെന്നും ബോർഡ്. യുവതി പ്രവേശനം അനുവദിച്ചുള്ള വിധിയെ മാനിക്കാൻ തീരുമാനിച്ചതായി ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്.

Read More : ശബരിമല സ്ത്രീ പ്രവേശനം; സര്‍ക്കാറിനൊപ്പം യുവതിപ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡ്

എതിർ കക്ഷികൾ പറഞ്ഞ കാര്യം പുനഃപരിശോധനക്ക് മതിയായ കാരണങ്ങൾ അല്ലെന്ന് ദേവസ്വം ബോർഡ്. ആർത്തവം ഇല്ലാതെ മനുഷ്യ കുലത്തിന് നില നിൽപ്പില്ല. മതത്തിൽ എല്ലാ വ്യക്തികളും തുല്യർ. ഇക്കാര്യം ആണ് യുവതി പ്രവേശനം അനുവദിച്ച വിധിയുടെ അടിസ്ഥാനമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ മുതല്‍ സ്ത്രീപ്രവേശനത്തോട് അനുകൂലമായ നടപടിയല്ല പത്മകുമാര്‍ സ്വീകരിച്ചിരുന്നത്. ആചാരം അറിയാവുന്ന സ്ത്രീകളാരും ശബരിമലയിലേക്ക് ഉടന്‍ എത്തില്ലെന്നായിരുന്നു വിധിയ്ക്ക് ശേഷം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ദേവസ്വം പ്രസിഡന്റ് പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here