Advertisement

തീര്‍ത്ഥാടന സര്‍ക്യൂട്ട് ഉദ്ഘാടനം; കണ്ണന്താനത്തിന് എതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

February 7, 2019
Google News 1 minute Read
kannathanam

സംസ്ഥാനം അറിയാതെ ഉദ്ഘാടനം നിശ്ചയിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് കണ്ണന്താനത്തിന് എതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. തീര്‍ത്ഥാടന സര്‍ക്യൂട്ട് ഉദ്ഘാടനമാണ് വിവാദമായിരിക്കുന്നത്. കണ്ണന്താനം ഫെഡറല്‍ സംവിധാനത്തിന് എതിരായി പെരുമാറുന്നുവെന്നാണ് കത്തിലെ ആരോപണം.  ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ടിന്റെ ഉദ്ഘാടനം സംസ്ഥാനവുമായി ആലോചിക്കാതെ ഉദ്ഘാടന തീയതി നിശ്ചയിച്ചതിൽ അതൃപ്തി അറിയിച്ചാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതി.

ഞായറാഴ്ചയാണ് ഉദ്ഘാടനം .കേന്ദ്രാവിഷ്കൃത പദ്ധതിയെങ്കിലും ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ട് എന്ന ആശയവും വിശദ പദ്ധതി രേഖയും സമർപ്പിച്ചത് സംസ്ഥാന സർക്കാരാണെന്ന് കത്തിൽ പറയുന്നു. ഉദ്ഘാടന തീയതി നിശ്ചയിച്ച് മുഖ്യമന്ത്രിമാരെ അറിയിക്കുന്ന രീതി ഫെഡറൽ തത്വത്തിനെതിരാണ്. പദ്ധതിയുടെ നിർവഹണ ചുമതല കെടിഡിസി യെ തഴഞ്ഞ് ഐടിഡിസിയെ ഏൽപ്പിച്ചതിലും മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. നേരത്തെ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ അന്ന് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ ക്ഷണിക്കാതിരുന്നിട്ടും പ്രധാനമന്ത്രി ഒപ്പം കൂട്ടിയതിൽ സംസ്ഥാന സർക്കാരിന് അതൃപ്തി ഉണ്ടായിരുന്നു. പിന്നീട് കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിന് മുമ്പേ അമിത് ഷാ പറന്നിറങ്ങിയതും കൊല്ലം ബൈപാസ് ഉദഘാടനവും വിവാദമായിരുന്നു.

ശ്രീനാരായണഗുരു സ്പിരിച്വല്‍ സര്‍ക്യൂട്ടിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 10-ന് വര്‍ക്കല ശിവഗിരിയില്‍ നടത്താന്‍ തീരുമാനിച്ചതായി അറിയിച്ചുകൊണ്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം കത്തയച്ചത്. സംസ്ഥാനവുമായി ആലോചിക്കാതെ ഉദ്ഘാടന പരിപാടി നടത്തുന്നത് നിരാശജനകമാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു.

ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചും സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തുമാണ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കാറുള്ളത്. അല്ലാതെ, ഉദ്ഘാടന തീയതി നിശ്ചയിച്ച് മുഖ്യമന്ത്രിമാരെ അറിയിക്കുന്ന രീതിയില്ല. അല്‍ഫോണ്‍സ് കണ്ണന്താനും അയച്ച കത്തിന്‍റെ പകര്‍പ്പ് സഹിതമാണ് പ്രധാനമന്ത്രിക്ക് എഴുതിയതെന്നും പിണറായി വിജയന്‍ ആരോപിച്ചു.

പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം അവഗണിച്ച് ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന്‍റെ നിര്‍വഹണം ഇന്ത്യാ ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത് ഏകപക്ഷീയ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.

പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി സംസ്ഥാന ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അത് അവഗണിച്ചാണ് ഐ.ടി.ഡി.സിയെ ചുമതല ഏല്‍പ്പിക്കുന്നത്.

തീര്‍ഥാടന സര്‍ക്യൂട്ടിന്‍റെ നിര്‍മാണ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ കേന്ദ്ര ടൂറിസം വകുപ്പ് നിശ്ചയിച്ചതില്‍ അതൃപ്തി അറിയിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഉണ്ടാവേണ്ട സഹകരണാത്മക ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് മലയാളിയായ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഈ പ്രശ്നം കൈകാര്യം ചെയ്തത്. ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തുന്നത്.

ശ്രീനാരായണഗുരു സ്പിരിച്വല്‍ സര്‍ക്യൂട്ടിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 10-ന് വര്‍ക്കല ശിവഗിരിയില്‍ നടത്താന്‍ തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് അല്‍ഫോണ്‍സ് കണ്ണന്താനം ഒരു കത്തയച്ചിരുന്നു. ഇങ്ങനെയൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് നന്ദിയുണ്ട്. ഈ പദ്ധതി മുന്നോട്ടുവെച്ചതും വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) കേന്ദ്രത്തിന് സമര്‍പ്പിച്ചതും സംസ്ഥാന സര്‍ക്കാരാണ്. ഈ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി അംഗീകരിച്ചത്. പദ്ധതിയുടെ ആവര്‍ത്തനച്ചെലവുകള്‍ ഏറ്റെടുക്കാനും പരിപാലനം നടത്താനും സംസ്ഥാനം സന്നദ്ധതയും അറിയിച്ചിരുന്നു. ഇതൊക്കെയായിട്ടും സംസ്ഥാനവുമായി ആലോചിക്കാതെ ഉദ്ഘാടന പരിപാടി നടത്തുന്നത് നിരാശജനകമാണ്.

ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചും സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തുമാണ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കാറുള്ളത്. അല്ലാതെ, ഉദ്ഘാടന തീയതി നിശ്ചയിച്ച് മുഖ്യമന്ത്രിമാരെ അറിയിക്കുന്ന രീതിയില്ല. അല്‍ഫോണ്‍സ് കണ്ണന്താനും അയച്ച കത്തിന്‍റെ പകര്‍പ്പ് സഹിതമാണ് പ്രധാനമന്ത്രിക്ക് എഴുതിയത്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here