അധികാരത്തിൽ എത്തിയാൽ മുത്തലാക്ക് ബിൽ റദ്ദാക്കും : കോൺഗ്രസ്

അധികാരത്തിൽ എത്തിയാൽ മുത്തലാക്ക് ബിൽ റദ്ദാക്കുമെന്ന് കോൺഗ്രസ്സ്. കോൺഗ്രസ്സ് ന്യൂനപക്ഷ സമ്മേളനത്തിൽ മഹിളാ കോൺഗ്രസ്സ് ദേശീയ അധ്യക്ഷ സുസ്മിത ദേവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യം ഒരു മതത്തിന്റെയോ ഭാഷയുടെയോ സ്വന്തമല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന് മുകളിൽ ആണ് തങ്ങളെന്നാണ് ബിജെപി ചിന്തിക്കുന്നത്. എന്നാൽ മൂന്ന് മാസങ്ങൾക്ക് ഉള്ളിൽ ബിജെപിക്ക് മുകളിലാണ് രാജ്യം എന്ന് അവർക്ക് ബോധ്യമാകുമെന്നും രാഹുൽ പറഞ്ഞു.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിൽ വ്യക്തമായ ഒരു നിലപാട് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. ലോക്‌സഭയിൽ ബില്ല് അവതരിപ്പിച്ചപ്പോൾ ബില്ലിനെ എതിർത്ത് സംസാരിച്ചിരുന്നെങ്കിലും എതിർത്ത് വോട്ട് ചെയ്തിരുന്നില്ല. ബില്ലിനെ പിന്തുണച്ചാൽ ന്യൂനപക്ഷ വോട്ടർമാരുടെ ഇടയിലുണ്ടായേക്കാവുന്ന അതൃപ്തിയും, എതിർത്താൽ ന്യൂനപക്ഷ പ്രീണനമെന്ന പ്രചാരണത്തിന് ബിജെപിക്ക് ആയുധം നൽകലാകും എന്ന ഭയവുമായിരുന്നു ഇതിന് കാരണം. എന്നാൽ ഇന്ന് ഡൽഹിയിൽ നടന്ന ന്യൂനപക്ഷ സമ്മേളനത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി. അധികാരത്തിൽ എത്തിയാൽ ബില്ല് റദ്ദാക്കുമെന്ന് മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയും എംപിയുമായ സുസ്മിത ദേവ് പ്രഖ്യാപിച്ചു. പകരം പുതിയ ബിൽ കൊണ്ട് വരുമെന്നും അവർ പറഞ്ഞു. അതേസമയം സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്ന ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇതുസംബന്ധിച്ച് ഒന്നും പറയാൻ തയ്യാറായില്ല. നരേന്ദ്ര മോദി ന്യൂനപക്ഷങ്ങളെ അവഗണിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു.
Read More : മുത്തലാക്ക് ബിൽ രാജ്യസഭയിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തിരുമാനം
രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളിലേക്ക് ആർഎസ്എസ് നുഴഞ്ഞ് കയിറിയിരിക്കുകയാണ്. ആർഎസ്എസിൻറെ കയ്യിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു.
മൂന്ന് തവണ തലാഖ് ചൊല്ലിയിൽ ബന്ധം വേർപ്പെടുത്താവുന്ന രീതിയാണ് മുത്തലാഖ്. ആധുനിക കാലഘട്ടത്തിൽ 3 തവണ മൊബൈലിലൂടെയോ, എസ്.എം.എസ്. ആയോ, ഇമെയിൽ വഴിയോ തലാഖ് എന്ന പദം ആവർത്തിച്ചാൽ വിവാഹബന്ധം വേർപെട്ടതായിട്ടു മുത്തലാഖിനെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ഒരേസമയം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമാണെന്നാണ് വനിതാ സംഘടനകളും മറ്റും വാദിക്കുന്നത്.
മുസ്ലിം വ്യക്തിനിയമവും ഖുറാനും മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതി ശരിവെക്കുന്നതാണെന്നും മുത്തലാഖ് അനുവദിക്കാതിരിക്കുന്നത് ഖുറാൻ തിരുത്തിയെഴുതുന്നതിന് തുല്യമാണെന്നും മുത്തലാഖിന് നിയമസാധുത ഇല്ലാതാക്കരുതെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുസ്ലിം വ്യക്തിനിയമ ബോർഡിനെയും അലഹബാദ് ഹൈക്കോടതി നിശിതമായി വിമർശിച്ചു. ഭരണഘടനക്ക് മുകളിലല്ല വ്യക്തിനിയമ ബോർഡെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രവാചകനും വിശുദ്ധ ഖുറാനും പറഞ്ഞതിന് വിരുദ്ധമായാണ് ഇന്ത്യയിൽ മുസ്ലിം വ്യക്തിനിയമം നടപ്പാക്കുന്നത്. സ്ത്രീകളുടെ വിവാഹ മോചനത്തിനുള്ള അവകാശം സംബന്ധിച്ചും നിയമത്തിൽ പിശകുണ്ട്. ഒരു മതവിഭാഗത്തിന്റെ വ്യക്തിനിയമവും ഭരണഘടന നൽകുന്ന മൗലികാവകാശത്തിന് മുകളിലല്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here