ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്; രവി പൂജാരിയെ പ്രതി ചേര്‍ത്ത് കേസ് കൈമാറി

കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസ് ക്രൈംബ്രാഞ്ചിന്. ഡിവൈഎസ്പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റാണ് ഇക്കാര്യം അറിയിച്ചത്. രവി പൂജാരിയെ പ്രതി ചേര്‍ത്ത് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ്, രവി പൂജാരിയുടെ പങ്ക് വ്യക്തമായതോടെ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. രവി പൂജാരിയെ കേന്ദ്രീകരിച്ചു തന്നെയായിരിക്കും അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മുബൈ, മംഗലാപുരം എന്നിവിടങ്ങളില്‍ വിപുലമായ അന്വേഷണം നടത്തും.
ഡിസംബര്‍ 15നാണ് നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള പനമ്പള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിന് നേരെ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ലീന മുന്‍പ് അറസ്റ്റിലായിട്ടുണ്ട്. 2013ല്‍ കാനറാ ബാങ്കില്‍ നിന്ന് 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച കേസിലും പ്രതിയാണ് ലീന.
അതിനിടെ, കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ലീന പ്രതികള്‍ക്ക് പണം നല്‍കിയതായി വിവരമുണ്ടായിരുന്നു. പൊലീസ് തലത്തിലും കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും സൂചനകളുണ്ടായിരുന്നു. ബോംബെയില്‍ വച്ചായിരുന്നു പണം കൈമാറ്റം ചെയ്തത്. പൊലീസിനോടും സംഭവത്തില്‍ പരാതിയില്ലെന്ന സമീപനമാണ് ലീന മരിയ പോള്‍ സ്വീകരിച്ചത്. പോലീസ് ചോദ്യം ചെയ്യാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ലീന പൊലീസിന് മുന്നില്‍ ഹാജരായിരുന്നില്ല. കേസ് ഒത്ത് തീര്‍പ്പാക്കാന്‍ മുപ്പത്തിയഞ്ച് ലക്ഷം രൂപ ബോംബെയില്‍ വച്ച് കൈമാറിയെന്നാണ് വിവരം. ഇത് സംബന്ധിച്ചും പുതിയ അന്വേഷണ സംഘം വിശദമായി അന്വേഷിച്ചേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here