Advertisement

വാര്‍ത്ത അപൂര്‍ണ്ണം; റഫാലില്‍ ആരോപണങ്ങള്‍ തള്ളി നിര്‍മ്മല സീതാരാമന്‍

February 8, 2019
Google News 1 minute Read

റഫാലില്‍ യുദ്ധ വിമാന ഇടപെടാവുമായി ബന്ധപ്പെട്ട് പ്രതിരോധ സെക്രട്ടറിയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ ലോക്‌സഭയില്‍ വിഷയമുന്നയിച്ച് പ്രതിപക്ഷ ബഹളം. ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെച്ചു. അതേസമയം, വളരെ ദുര്‍ബലമായ വാദമാണ് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ ഉന്നയിച്ചത്.

ദി ഹിന്ദു പത്രം പുറത്തുവിട്ട വാര്‍ത്ത അപൂര്‍ണ്ണമാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പല കാര്യങ്ങളും അവര്‍ മറച്ചുവെച്ചു. പ്രതിരോധ സെക്രട്ടറി നല്‍കിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടണം. ഇത് ചൂണ്ടിക്കാട്ടി ഹിന്ദു പത്രത്തേയും പ്രതിപക്ഷത്തേയും മന്ത്രി വെല്ലുവിളിച്ചു. പ്രതിരോധ സെക്രട്ടറിയുടെ കത്തിന് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ എന്ത് മറുപടി നല്‍കിയെന്ന് വ്യക്തമാക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ ഉന്നയിച്ച ആശങ്കകളെ മനോഹര്‍ പരീക്കര്‍ പൂര്‍ണ്ണമായും തള്ളുകയും അവിഹിതമായി ഒന്നും സംഭവിക്കില്ല എന്ന് അദ്ദേഹം പറഞ്ഞതായും നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ മറുപടിയായി പറഞ്ഞു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി ഇടപെട്ടിട്ടില്ല. ജനുവരി നാലിന് സര്‍ക്കാര്‍ പ്രതികരണം അറിയിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, റഫാലിനെ ചൊല്ലിയുണ്ടായ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഒാഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്ത ‘ദി ഹിന്ദു’ പത്രമാണ് പുറത്തുവിട്ടത്. സമാന്തര ചര്‍ച്ചകള്‍ നടന്നതായി മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍ 2015 ല്‍ എഴുതിയ കത്തായിരുന്നു പത്രം പുറത്തുവിട്ടത്. അന്ന് പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനായിരുന്നു മോഹന്‍കുമാര്‍ കത്തെഴുതിയത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചര്‍ച്ചകള്‍ നടത്തിയത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ടായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മോഹന്‍കുമാറും രംഗത്തെത്തി. താന്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്നത് റഫാല്‍ വിമാനത്തിന്റെ വിലയെക്കുറിച്ചല്ലെന്നായിരുന്നു മോഹന്‍കുമാറിന്റെ പ്രതികരണം. റഫാല്‍ വിമാനത്തിന്റെ ഗ്യാരണ്ടിയും രാജ്യത്തിന്റെ പൊതുവായ നിലപാടും സംബന്ധിച്ചായിരുന്നു കത്തില്‍ പറഞ്ഞിരുന്നതെന്നും മോഹന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. നരേന്ദ്രമോദി കൊള്ളയടിച്ചതായി തെളിഞ്ഞുവെന്നാണ് രാഹുല്‍ പറഞ്ഞു. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഇടപാട് നടന്നതെന്നും രാഹുല്‍ ആരോപണം ഉന്നയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here