ശരത് കുമാര്‍ എന്റെ അച്ഛന്‍ തന്നെയാണ്, ‘പാക്കേജ് ഡീല്‍’ അല്ല; രാധികാ ശരത് കുമാറിന്റെ മകള്‍
കുട്ടിക്കാലം തൊട്ട് കേള്‍ക്കുന്ന കുത്തുവാക്കുകള്‍ക്കും ട്രോളുകള്‍ക്കും എതിരെ പ്രതികരിച്ച് നടി രാധിക ശരത് കുമാറിന്റെ മകള്‍ റയാന്‍. രാധികയും ശരത്കുമാറും തന്റെ മകനോടൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ചാണ് റയാന്റെ കുറിപ്പ്. ശരത്കുമാറിന്റെ രണ്ടാം ഭാര്യയാണ് രാധിക. രാധികയുടെ മൂന്നാം വിവാഹവുമായിരുന്നു അത്. ഈ വിഷയങ്ങളിലാണ് തനിക്ക് കുട്ടിക്കാലം തൊട്ട് കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്നതെന്ന് റയാന്‍ പറയുന്നു. രാധികയുടെ രണ്ട് മക്കളിലൊരാളാണ് റയാന്‍. ശരത്കുമാര്‍ തന്റെ രണ്ടാം ഭാര്യയുടെ ആദ്യ ഭര്‍ത്താവിലെ മകളുടെ മകനൊപ്പം എന്ന പേരില്‍ പ്രചരിക്കപ്പെടുന്ന ട്രോളിന്റെ സ്ക്രീന്‍ ഷോട്ട് അടക്കമാണ് റയാന്റെ പോസ്റ്റ്.
റയാന്റെ കുറിപ്പ് ഇങ്ങനെ
ഇത്തരം ട്രോളുകളെ ഞാന്‍ രണ്ടാമത് ഒന്നു കൂടി നോക്കാറില്ല. എനിക്ക് ഇത്തരം ട്രോളുകള്‍ ധാരാളമായി ലഭിക്കാറുണ്ട്. ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഇത് കേള്‍ക്കുന്നതാണ്. എന്റെ കല്യാണ സമയത്തും, കുഞ്ഞുണ്ടായപ്പോഴും ഇത് തന്നെയാണ് കേട്ടത്. ഒരു കുഞ്ഞുമായി വിവാഹജീവിതത്തില്‍ നിന്ന് ഇറങ്ങി നടക്കണമെങ്കില്‍ ഒരു സ്ത്രീയ്ക്ക് ധൈര്യവും ആത്മാഭിമാനവും വേണ്ടുവോളം വേണം. സിംഗിള്‍ പാരന്റായി ഇരിക്കുക , മുറിവുകളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുക എന്നതെല്ലാം വലിയ കാര്യമാണ്. എന്റെ അമ്മ ഒരു സൂപ്പര്‍ വുമണ്‍ തന്നെയാണ്.
എല്ലാവര്‍ക്കും മക്കളുണ്ടാകും. എന്നാല്‍ മറ്റൊരാളുടെ മകളെ സ്വന്തം മകളായി കാണാന്‍ ഒരു യഥാര്‍ത്ഥ മനുഷ്യനേ സാധിക്കൂ. അദ്ദേഹം എന്റെ അച്ഛന്‍ തന്നെയാണ്. ഒരു പാക്കേജ് ഡീല്‍ പോലെ എനിക്ക് തോന്നിയിട്ടേയില്ല. അമ്മയെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആവശ്യമായപ്പോള്‍ എന്നെ സ്വീകരിക്കേണ്ടി വന്നു എന്ന തോന്നല്‍ എനിക്ക് ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാന്‍ ഒരിക്കലും ഒരു ഭാരമായിരുന്നില്ല. എന്നെ ബോണസായാണ് എന്നെ കണ്ടത്, ശക്തനായ ഒരു വ്യക്തിയ്ക്കേ അങ്ങനെ ചെയ്യാനാകൂ. ആരുടെ ഡിഎന്‍എ ആരുമായി കൂടിച്ചേര്‍ന്നു എന്നല്ല, ഇത് സ്നേഹത്തെ സംബന്ധിച്ചതാണ്. ഒരു കുടുംബമായിരിക്കാന്‍ രക്ത ബന്ധം വേണമെന്നില്ല. പ്രതിബന്ധതയാണത്. ഒരാളെ അംഗീകരിക്കുക അവരുടെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യുക അതാണത്.
ഞങ്ങള്‍ മിക്സഡ് ഫാമിലിയാണ്. പക്ഷേ ഞങ്ങള്‍ സന്തുഷ്ടരാണ്, ശക്തരാണ്. ഇനി ട്രോളുകള്‍ ഉണ്ടാക്കുന്നവരോട് ഒരുദിവസം നിങ്ങളെല്ലാവരും ഇങ്ങനെ വെറുപ്പിന് പകരം സ്നേഹം പ്രചരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു- എന്നെഴുതിയാണ് റയാന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here