‘അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ’?; ആന്റണിയുടെ മകനെ ലക്ഷ്യമിട്ട് കെ എസ് യു പ്രമേയം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനെ ലക്ഷ്യമിട്ട് കെ എസ് യു പ്രമേയം. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി ആന്റണിയുടെ മകന്‍ അനിലിനെ നിയമിച്ചതിനെ ചോദ്യം ചെയ്താണ് പ്രമേയം. ‘അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ എന്ന് ആന്റണിയോട് പ്രമേയം ചോദിക്കുന്നു. തലമുറ മാറ്റം പ്രസംഗത്തില്‍ മാത്രം ഒതുക്കാതെ നടപ്പിലാക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു. എറണാകുളം ജില്ലാ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. പ്രമേയത്തിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.
65 വയസുള്ള ആര്‍ ശങ്കറിനെ പുറത്താക്കിയ ഒരു പുതിയ തലമുറ പ്രധാനപ്പെട്ട നേതൃപദവിയിലേക്ക് വന്നതിന് ശേഷം, പദവികളും, സ്ഥാനമാനങ്ങളും തലമുറമാറ്റം പോലെ, പരമ്പരാഗതമായി ലഭിച്ചതുപോലെ ഉപയോഗിച്ച് പോരുന്നുവെന്ന് പ്രമേയത്തില്‍ പറയുന്നു. ചില സൈബര്‍ ഇറക്കുമതികളെ അഭിനവ പട്ടാഭിഷേകത്തിനുള്ള ടെസ്റ്റ് ഡോസായി കാണണം. ഈ ടെസ്റ്റ് ഡോസിനെ കെ എസ് യു നീര്‍വീര്യമാക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. കെ എസ് യുവിന് വേണ്ടി കല്ലുകൊണ്ട് പോലും കാല് മുറിയാത്ത ആളുകളെയാണ് ഇറക്കുമതി ചെയ്യുന്നത്. കെ എസ് യുവിലെ മറ്റ് അംഗങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണിത്. ഗീതയിലെ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് ഇത്തരത്തില്‍ പല്‍വാല്‍ദേവന്മാരുടെ പട്ടാഭിഷേകത്തെ പരാജയപ്പെടുത്തണമെന്ന് പ്രമേയത്തില്‍ പറയുന്നു. എക്കാലത്തും ലീഡര്‍മാരുടെ മക്കളാണ് നേതാക്കള്‍ക്ക് കിങ്ങിണിക്കുട്ടന്മാരായി ഉള്ളത്. അവര്‍ക്ക് പദവികള്‍ നല്‍കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. ചിലര്‍ പാരമ്പര്യ സ്വത്തായി മണ്ഡലങ്ങള്‍ കൈയടക്കുകയാണ്. ചില മണ്ഡലങ്ങളിലൊക്കെ മൂന്ന് തലമുറയില്‍പ്പെട്ട ആളുകള്‍ക്ക് ഒരു വ്യക്തി തന്നെ വോട്ടു ചെയ്യേണ്ട അവസ്ഥയുണ്ട്. ഇത് പരാജയപ്പെടുത്തണമെന്നും പ്രമേശം ആവശ്യപ്പെടുന്നു.
കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി അനില്‍ ആന്റണിയെ നിയമിച്ചത് വിവാദമായിരുന്നു. കെപിസിസി അധ്യക്ഷന്‍ ദില്ലിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു അനിലിനെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടന്നത്. അനിലിന്റെ സജീവരാഷ്ട്രീയത്തിലേക്കുള്ള ചുവട് വെയ്പാണ് പുതിയ പദവിയെ വിലയിരുത്തപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here