Advertisement

‘ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലാന്‍ വെട്ടിയ വടികള്‍ സൂക്ഷിച്ചുവെയ്ക്കുക, കാലം ഇതിനെല്ലാം മറുപടി പറയും’

February 10, 2019
Google News 0 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വിമര്‍ശനമുന്നയിച്ച ജനപക്ഷം നേതാവ് പി സി ജോര്‍ജിന് മറുപടിയുമായി നഴ്‌സിങ് നേതാവ് ജാസ്മിന്‍ ഷാ. വാര്‍ത്തയ്ക്ക് പിന്നാലെ കാക്ക, പൂച്ച, പാമ്പ്, തേള്‍, പുഴു, പഴുതാര തുടങ്ങിയ എല്ലാ ചെറുതും വലുതുമായ ജീവികള്‍ പുറത്തു ചാടാന്‍ തുടങ്ങിയെന്ന് ജാസ്മിന്‍ ഷാ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പി സി ജോര്‍ജിനോട് ചില ചോദ്യങ്ങളും ജാസ്മിന്‍ ഷാ ഉന്നയിക്കുന്നുണ്ട്. കൈ കാലുകള്‍ ഓടിച്ചിട്ടുണ്ട്. കൊല്ലുമെന്ന് ഭീഷണി പെടുത്തി. അപ്പോഴൊന്നും തോന്നുപോയിട്ടില്ല.

ചെയ്യുന്നത് ശരിയാണെന്നും അത് ഒരു തലമുറക്ക് വേണ്ടിയാണെന്നും ഉള്ള മനസ്സിന്റെ ധൈര്യമാണ് ഇതിനെയൊക്കെ നേരിടാന്‍ പഠിപ്പിച്ചത്. പിന്നെ പട്ടിണി കൊണ്ടും ദാരിദ്ര്യം കൊണ്ടും വലഞ്ഞ ലക്ഷക്കണക്കിന് നേഴ്‌സിങ് സമൂഹത്തിന്റെ പ്രാര്‍ത്ഥനയും പിന്തുണയും ഒപ്പമുണ്ട്. തനിക്കും സംഘടനയ്ക്കും അത് മതിയെന്നും ജാസ്മിന്‍ ഷാ പറയുന്നു.

അടിച്ചമര്‍ത്തലുകളില്‍ നിസ്സഹായരായി നഴ്‌സിങ് സമൂഹം പതിറ്റാണ്ടുകളോളം നിന്നപ്പോള്‍ താങ്കള്‍ എവിടെയായിരുന്നുവെന്ന് ജാസ്മിന്‍ ചോദിക്കുന്നു. യു എന്‍ എ ഉണ്ടാകുന്നതിനു മുന്‍പ് പി സി ജോര്‍ജോ പാര്‍ട്ടിയോ നഴ്‌സുമാര്‍ക്ക് വേണ്ടി എന്തെങ്കിലും സമരം നടത്തിയിരുന്നോ? തങ്ങളുടെ സമരങ്ങളില്‍, പ്രസംഗിക്കാന്‍ മറ്റുള്ളവരെ പോലെ വന്നു എന്നല്ലാതെ എന്താണ് താങ്കള്‍ തങ്ങള്‍ക്ക് വേണ്ടി ചെയ്തതെന്നും ജാസ്മിന്‍ ചോദിക്കുന്നുണ്ട്.

ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനത്താണ് കേരളത്തില്‍ നേഴ്‌സുമാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും ശമ്പളവും ലഭിക്കുന്നത്? അതിന് രണ്ട് കാരണങ്ങള്‍ ജാസ്മിന്‍ പറയുന്നു. ചോദിച്ചു വാങ്ങുവാന്‍ ഒരു സംഘടിത പ്രസ്ഥാനം ഇവിടെ ഉണ്ട് എന്നതാണ് അതില്‍ ഒന്നാമത്തേത്. ആ സമരങ്ങളെ കേള്‍ക്കുവാന്‍, കാണുവാന്‍ ഒരു സര്‍ക്കാര്‍ ഇണ്ടായി എന്നത് രണ്ടാമത്തെ കാരണമായി പറയുന്നു.

പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട് ,സമരം ചെയ്തിട്ടുണ്ട്. താങ്കള്‍ ചീഫ് വിപ്പായിരുന്ന യു ഡി എഫ് സര്‍ക്കാരിനെയും വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ ധീരമായി തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കിയത് ഈ സര്‍ക്കാരാണെന്നും ജാസ്മിന്‍ പറഞ്ഞുവെയ്ക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

കാക്ക ,പൂച്ച ,പാമ്പ് ,തേള്‍ ,പുഴു ,പഴുതാര ,ഓന്ത്
തുടങ്ങിയ എല്ലാ ചെറുതും വലുതുമായ ജീവികള്‍
പുറത്തു ചാടാന്‍ എന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് വന്ന വാര്‍ത്തകളെ കൊണ്ട്
തന്നെ കഴിഞ്ഞിരിക്കുന്നു ..
ഇപ്പൊ ഇതാ ബഹുമാന്യ എം എല്‍ എ പിസി ജോര്‍ജ് സാറും രംഗത്ത് വന്നിരിക്കുന്നു ! ഒന്ന് രണ്ട് കൊച്ചു കാര്യങ്ങള്‍ പറഞ്ഞോട്ടെ ! കൂട്ടത്തില്‍ തികച്ചും അക്കാദമിക് ഇന്ററസ്റ്റില്‍
ചില ചോദ്യങ്ങളും

സാര്‍ ,

മനുഷ്യനായി, മാന്യമായി ,കടം വാങ്ങാതെ ,പലിശക്കെടുക്കാതെ ,പട്ടിണി കിടക്കാതിരിക്കാന്‍ സംഘടിച്ച ,സമരം ചെയ്ത
തങ്ങളെ ചില ആശുപത്രി ഗുണ്ടകള്‍ തല്ലിയിട്ടുണ്ട് ,കൈ കാലുകള്‍ ഓടിച്ചിട്ടുണ്ട് ,കൊല്ലുമെന്ന് ഭീഷണി പെടുത്തിയിട്ടുണ്ട് ,അപമാനിച്ചിട്ടുണ്ട് ,അവഹേളിച്ചിട്ടുണ്ട് ,അപവാദങ്ങള്‍ പെരുമഴ പോലെ തൊടുത്തു വിട്ടിട്ടുണ്ട് ..അപ്പോഴൊന്നും ഞങ്ങള്‍ തോറ്റു പോയിട്ടില്ല

സാര്‍ ..

ചെയ്യുന്നത് ശെരിയാണെന്നും അത് ഒരു തലമുറക്ക് വേണ്ടിയാണെന്നും ഉള്ള മനസ്സിന്റെ ധൈര്യമാണ് ഇതിനെയൊക്കെ നേരിടാന്‍ പഠിപ്പിച്ചത് .പിന്നെ പട്ടിണി കൊണ്ടും ദാരിദ്ര്യം കൊണ്ടും വലഞ്ഞ ലക്ഷക്കണക്കിന് നേഴ്‌സിങ് സമൂഹത്തിന്റെ പ്രാര്‍ത്ഥനയും പിന്തുണയും .
അത് മതി സാര്‍ എനിക്കും ഞങ്ങളുടെ സംഘടനക്കും ! പിന്നെ

1)അടിച്ചമര്‍ത്തലുകളില്‍ നിസ്സഹായരായി നേഴ്‌സിങ് സമൂഹം പതിറ്റാണ്ടുകളോളം നിന്നപ്പോള്‍ എവിടെയായിരുന്നു താങ്കള്‍ ഉണ്ടായിരുന്നത് ? അന്ന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ താങ്കള്‍ ഉണ്ടായിരുന്നില്ലേ ?

2)യു എന്‍ എ ഉണ്ടാവുന്നതിനു മുന്‍പ് സാറും സാറിന്റെ പാര്‍ട്ടിയും നേഴ്‌സുമാര്‍ക്ക് വേണ്ടി എന്തെങ്കിലും സമരം നടത്തിയിരുന്നോ ?
ഞങ്ങളുടെ സമരങ്ങളില്‍ ,പ്രസംഗിക്കാന്‍ മറ്റുള്ളവരെ പോലെ വന്നു എന്നല്ലാതെ എന്താണ് സാര്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്തിട്ടുള്ളത് ?

ഞങ്ങള്‍ സാറിന്റെ മാത്രമല്ല ഞങ്ങളുടെ സമരം വിജയിപ്പിക്കാന്‍ ,ഒന്ന് വരാന്‍ ,രണ്ടു വാക്ക് സംസാരിക്കാന്‍ ,പത്രത്തിലൊരു കുറിപ്പ് കൊടുക്കാന്‍ എല്ലാവരുടെയും പിന്തുണ തേടിയിട്ടുണ്ട് ,കാലു പിടിച്ചിട്ടുണ്ട് ,തമ്പുരാക്കന്മാരുടെ തിണ്ണകള്‍ കയറിയിറങ്ങിയിട്ടുണ്ട് ..ഗതി കേടുകൊണ്ടാണ് സാര്‍ അതൊക്കെ ..

3)സാര്‍ പിരിച്ച കാശിനെ പറ്റിയും വാങ്ങിയ പൈസയെ പറ്റിയും ഞാനോ എന്റെ സഘടനയോ ഒരു സോഷ്യല്‍ ഓഡിറ്റിങ് ആവശ്യപ്പെട്ടിട്ടില്ല .

സാര്‍ ,
4)ഞങ്ങള്‍ എല്ലാ യോഗങ്ങളിലും വരവ് ചിലവ് കണക്കുകള്‍ ബോധിപ്പിക്കുന്ന ,കൃത്യമായ ഓഡിറ്റിങ് ഉള്ള സംഘടനയാണ് .ഞങ്ങള്‍ക്ക് കിട്ടിയ സംഭാവനയും സഹായവും പരസ്യപ്പെടുത്താന്‍ ഞങ്ങള്‍ റെഡിയാണ് ..സാറും സാറിന്റെ പാര്‍ട്ടിയും ആ മാതൃക പിന്തുടരുമോ ? അങ്ങനെയാണെങ്കില്‍ അത് ഗംഭീരമാകും സാര്‍ ..

5)ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനത്താണ് കേരളത്തില്‍ നേഴ്‌സുമാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും ശമ്പളവും ലഭിക്കുന്നത് ?
രണ്ടു കാരണങ്ങള്‍ ഉണ്ട് സാര്‍ അതിന് ..
ഒന്ന് )അത് ചോദിച്ചു വാങ്ങുവാന്‍ ഒരു സംഘടിത പ്രസ്ഥാനം ഇവിടെ ഉണ്ട് .
രണ്ട് ) ആ സമരങ്ങളെ കേള്‍ക്കുവാന്‍ ,കാണുവാന്‍ ഒരു സര്‍ക്കാര്‍ ഇണ്ടായി ..

ഞങ്ങള്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട് ,സമരം ചെയ്തിട്ടുണ്ട് ..
ഞങ്ങള്‍ സാര്‍ ചീഫ് വിപ്പായിരുന്ന യു ഡി എഫ് സര്‍ക്കാരിനെയും വിമര്‍ശിച്ചിട്ടുണ്ട് ,എതിരായി സമരം ചെയ്തിട്ടുണ്ട് ..
പക്ഷെ ധീരമായി ഞങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കിയത് ഈ സര്‍ക്കാരാണ് .കൊച്ചു കൊച്ചു പോരായ്മകള്‍ ഉണ്ടെങ്കിലും ! അത് പരിഹരിക്കാന്‍ ഇനിയും ഞങ്ങള്‍ സമരം ചെയ്യും

മത സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകളും അടക്കി വാഴുന്ന ആശുപത്രി മേഖലയില്‍ ആണ് സമ്മര്‍ദ്ദങ്ങളെ അതി ജീവിച്ചു കൊണ്ട് ഈ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത് .
സാറിനു ദേഷ്യം വന്നാലും ഒരു കാര്യം ഓര്‍മ്മപ്പെടുത്തട്ടെ ,സാര്‍ വിപ്പായിരുന്ന കാലത് ,ഞങ്ങള്‍ സമരം ചെയ്‌തെങ്കിലും വാഗ്ദാനം കിട്ടിയെങ്കിലും നിയമം മൂലം അത് നടപ്പിലാക്കി തരാനുള്ള ആര്‍ജ്ജവം ആ സര്‍ക്കാരിന് ഉണ്ടായിരുന്നില്ല .

അഭിമാന പൂര്‍വ്വം ഞങ്ങള്‍ക്ക് പറയാന്‍ കഴിയും ഞങ്ങളുടെ സംഘടനാ ഉള്ള ആശുപത്രികളില്‍ 18 എണ്ണത്തില്‍ ഒഴികെ എല്ലായിടത്തും ആ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുമുണ്ട് .

നടപ്പിലാക്കാതെ സ്ഥലങ്ങളില്‍ ചിലരൊക്കെയും കോടതികളില്‍ നിന്ന് താല്‍ക്കാലിക സ്റ്റേ വാങ്ങിയിട്ടുള്ളവരാണ് ,ചിലര്‍ സാവകാശം ചോദിച്ചിട്ടുമുണ്ട് ..രണ്ടായിരവും മുവ്വായിരവും വാങ്ങിയ സ്ഥിതിയില്‍ നിന്നാണ് ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ ശമ്പളം വാങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയുന്ന സ്ഥിതി ഉണ്ടായിരുന്നത് .

സ്വന്തം സംഘടനക്ക് പ്രത്യേകിച്ച് റോള്‍ ഒന്നും ഉണ്ടാവാതിരിക്കുമ്പോഴാണ് സാധാരണ ചിലര്‍ മറ്റു സംഘടനകളുടെ പറമ്പിലേക്ക് എത്തി നോക്കാറുള്ളത് .ഇത് എന്തായാലും അങ്ങനെയല്ല എന്ന് ആശ്വസിക്കുന്നു .കാരണം പിസി ജോര്‍ജ് സാറും പാര്‍ട്ടിയും കേരളം മുഴുവന്‍ സാമൂഹ്യ വിപ്ലവം സൃഷ്ടിക്കാനുള്ള ഭഗീര പ്രയത്‌നത്തില്‍ ആണല്ലോ .അതിന്റെ വിശ്രമ സമയത്തു ഒരുല്ലാസത്തിനു വേണ്ടിയാണ് സാര്‍ ,എന്റെയും ഞങ്ങളുടെ സംഘടനയുടെയും മെക്കട്ട് കയറിയതെന്ന വിശ്വാസത്തോടെ ….

ആടിനെ പട്ടിയാക്കി ,പട്ടിയെ പേപ്പട്ടിയാക്കി തല്ലി കൊല്ലാന്‍ വെട്ടിയ വടികള്‍ സൂക്ഷിച്ചു വെക്കുക ..അതിനു വെച്ച് തരാന്‍ മാത്രം തലകള്‍ ഞങ്ങളുടെ കയ്യില്‍ തല്‍ക്കാലം ഇല്ല സാര്‍ ..

കാലം ഇതിനെല്ലാം മറുപടി പറയുമെന്ന് മാത്രം പറഞ്ഞു കൊണ്ട്

സ്‌നേഹപൂര്‍വ്വം

ജാസ്മിന്‍ഷാ
പ്രസിഡന്റ്
യു എന്‍ എ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here