അക്രമം ഉപേക്ഷിച്ചുവന്നാല്‍ കേരളത്തില്‍ സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

അക്രമം ഉപേക്ഷിച്ചാല്‍ കേരളത്തിലെ സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയെ നേരിടാന്‍ സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണ്. അക്രമം ഉപേക്ഷിക്കുമെന്ന് മുഖ്യമന്ത്രി നിലപാടെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മലപ്പുറത്ത് പറഞ്ഞു.
ബിജെപി, ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികളുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ജനാധിപത്യ മതേതര കക്ഷികളുമായി കൈകോര്‍ത്ത് ഏതറ്റം വരെയും പോകാന്‍ തയ്യാറാണ്. കേരളത്തിലും തങ്ങള്‍ അതിന് തയ്യാറാണ്. അക്രമം തയ്യാറാക്കാന്‍, ആയുധം താഴെവെയ്ക്കാന്‍ സിപിഐഎം തയ്യാറായാല്‍ നാളെ തന്നെ ഒരു ധാരണയ്ക്ക് തങ്ങള്‍ തയ്യാറാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ദേശീയ തലത്തില്‍ സിപിഐഎം സ്വീകരിക്കുന്ന നിലപാടല്ല കേരളത്തില്‍ സ്വീകരിക്കുന്നതെന്നും മുല്ലപ്പള്ളി പറയുന്നു. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കേരളത്തില്‍ സിപിഐഎം സ്വീകരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയന്റേയും നിലപാടുകളില്‍ നിന്നും അത് വ്യക്തമാണ്. ദേശീയതലത്തില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സിപിഐഎം തയ്യാറാകുന്നുണ്ട്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇതിനെ പിന്തുണച്ചതുമാണ്. പക്ഷേ കേരളത്തില്‍ സിപിഐഎമ്മുമായി സഹകരിക്കണമെങ്കില്‍ അവര്‍ അക്രമം ഉപേക്ഷിച്ച് രംഗത്ത് വരണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here