ആലപ്പാട് വെള്ളനാ തുരുത്തിലെ കരിമണല്‍ ഖനനം നിരോധിച്ച് റവന്യൂ വകുപ്പ്

ആലപ്പാട് വില്ലേജിലെ വെള്ളനാ തുരുത്തിലെ കരിമണല്‍ ഖനനം റവന്യൂ വകുപ്പ് നിരോധിച്ചു. ഒരേക്കറിലധികം വരുന്ന ചതുപ്പ് പ്രദേശത്തെ ഖനനത്തിനാണ് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ആലപ്പാട് പ്രദേശത്ത് തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും ഖനനത്തില്‍ വ്യാപകമായി നശിപ്പിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വിട്ടത് ട്വന്റി ഫോറാണ്.
കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടെ ജനങ്ങളുടെ സമരത്തിന് പിന്നാലെ പരിശോധന നടത്താന്‍ റവന്യു വകുപ്പ് തയ്യാറായിരുന്നു. പരിസ്ഥിതിലോല പ്രദേശത്ത് അനധികൃതമായി ഖനനം നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു റവന്യു വകുപ്പ് പരിശോധന നടത്തിയത്. ആലപ്പാട് പഞ്ചായത്തിലെ നാലാം ബ്ലോക്ക് അടക്കമുള്ള ഭാഗങ്ങളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. തണ്ണീര്‍ തടങ്ങളും കുടിവെള്ളവും ഉള്‍പ്പെടെ നശിപ്പിക്കുന്ന ഖനനമാണ് നടത്തിയതെന്നായിരുന്നു റവന്യു വകുപ്പിന്റെ കണ്ടെത്തല്‍.
അതേസമയം, കരിമണല്‍ ഖനനത്തിനെതിരായ ആലപ്പാട്ടെ ജനകീയ സമരം നൂറ്റി രണ്ടാം ദിവസത്തിലേക്ക് കടന്നു. ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മുന്നി അധികൃതര്‍ ഇപ്പോഴും പുറം തിരിഞ്ഞു നില്‍ക്കുകയാണ്. സമരത്തിനോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ് സമര സമിതി. താത്കാലികമായി ഇപ്പോള്‍ ഇവിടെ സീ വാഷിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച പഠനസമിതി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇനി സീ വാഷിംഗ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കുക. ഖനനം പൂര്‍ണമായും നിര്‍ത്തി പഠനം വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം പുരോഗമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here