പ്രധാനമന്ത്രി ഉദ്ഘാടകനായി എത്തിയ ചടങ്ങിൽ വനിതാ മന്ത്രിയെ കയറിപ്പിടിച്ച് ത്രിപുര മന്ത്രി; വീഡിയോ, വിവാദം

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ വനിതാ മന്ത്രിയെ കയറിപ്പിടിച്ച ത്രിപുര കായിക മന്ത്രി വിവാദത്തിൽ. ത്രിപുരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രി മനോജ് കാന്തി ദേബിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ദിവസങ്ങൾക്ക് മുൻപായിരുന്നു ത്രിപുരയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവും വേദിയിലുണ്ടിയിരുന്നു. പ്രധാനമന്ത്രി ഇടത് വശത്ത് ഉദ്ഘാടനം നിർവഹിക്കുമ്പോൾ വലത് വശത്ത് വനിതാ മന്ത്രിക്ക് പിന്നിൽ നിന്ന് മന്ത്രി മോശമായി സ്പർശിക്കുകയായിരുന്നു. ഇൗ സമയം വേദിയിൽ തിക്കോ, തിരക്കോ ഉണ്ടായിരുന്നില്ല. മനോജ് കാന്ത് മനപൂർവം സ്പർശിക്കുന്നതാണെന്ന് വീഡിയോയിൽ വ്യക്തമാണ്. മന്ത്രിയുടെ മോശമായ പെരുമാറ്റത്തെ വനിതാ മന്ത്രി ചെറുക്കുന്നുണ്ട്. ഇത് വകവെയ്ക്കാതെ വീണ്ടും മന്ത്രി കയറിപ്പിടിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ഇടതു മുന്നണി കൺവീനർ ബിജൻദാർ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബിജെപിയെ മനപൂർവം അപമാനിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമമാണിതെന്ന് ബിജെപി പറയുന്നു. സംഭവത്തിൽ വനിതാ മന്ത്രി പരാതി നൽകിയിട്ടില്ലെന്നും ബിജെപി വക്താവ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here