Advertisement

എസ് രാജേന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം; നടപടിയ്ക്ക് സാധ്യത

February 13, 2019
Google News 1 minute Read
S Rajendran MLA

ദേവികുളം സബ് കളക്ടറെ ആക്ഷേപിച്ച എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ സിപിഎം നടപടി എടുത്തേക്കും. നടപടി വേണമെന്ന് ഇടുക്കി ജില്ലാ ഘടകം ആവശ്യപ്പെടുമെന്നാണ് സൂചന. ദേവികുളം സബ് കളക്ടർ രേണു രാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രന്റെ നടപടി സി പി  എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് തള്ളിയിരുന്നു. പിന്നീട് ജില്ലാ കളക്ടർ റവന്യൂ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ എസ് രാജേന്ദ്രന്റെ അധിക്ഷേപത്തെക്കുറിച്ച്പ രാമർശിക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ സ്ത്രീ സമത്വ നിലപാട് ഉയർത്തിപ്പിടിച്ച സി പി എമ്മിനെ സംബന്ധിച്ച്  എസ് രാജേന്ദ്രന്റെ ആക്ഷേപ വാക്കുകൾ തിരിച്ചടിയായിരുന്നു.  ഈ സാഹചര്യത്തിൽ എം എൽ എ ക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് സി പി എം നേതൃത്വം.

ഏതു തരത്തിലുള്ള നടപടി വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും . സംഭവത്തിൽ എസ് രാജേന്ദ്രൻ ഖേദം പ്രകടിപ്പിച്ചതു കൊണ്ടു മാത്രം കാര്യമില്ലന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്.രാജേന്ദ്രനെ തള്ളി ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ തുടർ നടപടി യുടെ സൂചന നൽകുന്നുണ്ട്.

Read Moreദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; സിപിഐഎം വിശദീകരണം തേടി

സ്ത്രീ സമത്വവും ശാക്തീകരണവും നയമാക്കിയ പാര്‍ട്ടി എസ് രാജേന്ദ്രന്റെ പ്രസ്താവന തള്ളുന്നുവെന്നായിരുന്നു സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. പാര്‍ട്ടിയുടെ കാഴ്ചപ്പാടിന് വിരുദ്ധമാണ് എം.എല്‍.എ നടത്തിയ പ്രസ്താവന. മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങളോടും പാര്‍ട്ടി യോജിക്കുന്നില്ല.
ജനപ്രതിനിധി എന്ന നിലയില്‍ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കാണുകയാണ് എം.എല്‍.എ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സബ് കളക്ടര്‍ക്കെതിരെ അദ്ദേഹത്തില്‍നിന്ന് മോശമായ പ്രതികരണമുണ്ടായി. ഇക്കാര്യത്തില്‍ പാര്‍ട്ടി ചര്‍ച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Read Moreസബ്ബ് കളക്ടര്‍ക്കെതിരായ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് എസ്.രാജേന്ദ്രന്‍ എംഎല്‍എ

ദേവികുളം സബ് കളക്ടറെ രാജേന്ദ്രന്‍ എം എല്‍ എ അവഹേളിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയരുന്നു. മുതിരപ്പുഴയാറിന്റെ തീരത്ത് പഞ്ചായത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് എസ് രാജേന്ദ്രനെ ചൊടിപ്പിച്ചത്. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് തുടര്‍ന്ന നിര്‍മാണം റവന്യൂ ഉദ്യോഗസ്ഥരെത്തി തടഞ്ഞതോടെ സബ് കളക്ടറെ ആക്ഷേപ വാക്കുകളോടെ എംഎല്‍എ ശകാരിക്കുകയായിരുന്നു. കളക്ടറാകുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ, നാളെ ഇവര്‍ ഒടക്കിയാല്‍ ഉദ്ഘാടനം ചെയ്യാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളാണ് സബ്കളക്ടറെക്കുറിച്ച് രാജേന്ദ്രന്‍ എംഎല്‍എ ജനമധ്യത്തില്‍ പറഞ്ഞത്. സംഭവത്തില്‍ എംഎല്‍എ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here