കെവിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകം, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍

കെവിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പ്രോസിക്യൂഷന്‍. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തിനിടെയാണ് ഇക്കാര്യം ഉന്നയിച്ചത്. കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രാഥമിക വാദം ഇരുപത്തിരണ്ടിന് തുടരും.

കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിന്‍ ജോസഫിനെ പ്രതികള്‍ തട്ടിക്കൊണ്ടു പോയതെന്നും ഇതിന്റെ തെളിവുകള്‍ കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയെന്നുമാണ് പ്രാഥമിക വാദം ആരംഭിച്ചയുടന്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. കെവിന്റെ മൃതദേഹം കണ്ടെത്തിയത് അരയ്ക്കൊപ്പം മാത്രം വെള്ളമുള്ള തോട്ടിലാണ്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി പുഴയില്‍ ചാടിച്ചെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.

Read more: കെവിന്‍ വധം; കെവിനെ താഴേക്ക് തള്ളിയിട്ടതാണെന്ന് പ്രതികള്‍

ഗൂഢാലോചന, ഭീണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോയി വിലപേശല്‍, കൊലപാതകം, അതിക്രമിച്ച് കടക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടത്. കെവിന്‍ ജോസഫിന്റെ ഭാര്യാ സഹോദരന്‍ സാനു ചാക്കോ, പിതാവ് ചാക്കോ എന്നിവരടക്കം പതിമൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന്റെ പിതാവ് ജോസഫും കോടതിയില്‍ വാദം കേള്‍ക്കാനെത്തി.

കുറ്റപത്രം സമര്‍പ്പിച്ച ശേഷം നിരവധി തവണ വിചാരണ നടപടികള്‍ ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും തെളിവുകളുടെ പകര്‍പ്പ് ലഭ്യമായില്ലെന്ന പ്രതിഭാഗത്തിന്റെ പരാതിയിലാണ് കേസ് നീണ്ടത്. ഇത് ലഭ്യമാക്കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചതോടെയാണ് വിചാരണ തുടങ്ങുന്നത്. കുറ്റപത്രത്തിന്‍മേലുള്ള വാദമാണ് ആദ്യഘട്ടം. നിലവില്‍ പതിമൂന്ന് പ്രതികളില്‍ ഏഴ് പേര്‍ ജാമ്യത്തിലും ആറ് പേര്‍ റിമാന്‍ഡിലുമാണ്. പ്രത്യേക കേസായി കണക്കിലെടുത്ത് വിചാരണ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കും. പ്രണയിച്ച് വിഹാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം നട്ടാശ്ശേരി സ്വദേശിയായ കെവിന്‍ ജോസഫിനെ ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നതാണ് കേസ്. 2017 മേയ് ഇരുപത്തിയേഴിനായിരുന്നു സംഭവം. കേസില്‍ 186 സാക്ഷികളും 180 രേഖകളുമുണ്ട്.

Read more: മരണം വരെ ഞാന്‍ കെവിന്‍ ചേട്ടന്റെ ഭാര്യയാണ്; ഈ വീട്ടില്‍ തന്നെ കഴിയും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top