നഴ്‌സിനെ മാനസികമായി പീഡിപ്പിച്ച സംഭവം; ഡോ. ജോൺ എസ് കുര്യനെ സ്ഥലം മാറ്റി

നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ സർജറി വിഭാഗം മേധാവി ഡോ. ജോൺ എസ്. കുര്യനെ സ്ഥലം മാറ്റി. ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാർ പ്രക്ഷോഭം നടത്തിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അടിയന്തര അന്വേഷണത്തിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥലം മാറ്റിയത്.
കോട്ടയം മെഡിക്കൽ കോളജിൽ സർജറി വിഭാഗം മേധാവി നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇതിൽ പ്രതിഷേധിച്ച് സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ നഴ്‌സുമാർ സൂചനാ പണിമുടക്ക് നടത്തി. സർജറി വിഭാഗം തലവൻ ജോൺ എസ് കുര്യനെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാർ പ്രിൻസിപ്പാൾ ഓഫീസ് ഉപരോധിച്ചു.
Read More : കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച പതിമൂന്ന് പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവഹിച്ചു
നഴ്‌സിനെ മാനസികമായി പീഡിപ്പിച്ച സർജറി വിഭാഗം തലവൻ ജോൺ എസ് കുര്യനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. രാവിലെ എട്ട് മുതൽ പതിനൊന്ന് വരെ നഴ്‌സുമാർ പണിമുടക്കി പ്രതിഷേധിച്ചു.തിങ്കളാഴ്ച്ച സർജറി വിഭാഗം ഐ.സി.യുലായിരുന്നു സംഭവം. പരിശോധനയ്ക്കിടെ രോഗിയുടെ ബെഡ്ഡിൽ ഉപകരണങ്ങൾ വെച്ചു മറന്നതിനായിരുന്നു ശിക്ഷാ നടപടിയെന്നാണ് നഴ്‌സുമാർ പറയുന്നത്. രോഗി കിടന്നതിന് സമാനമായി കിടത്തി ഒന്നര മണിക്കൂറോളം ഉപകരണങ്ങൾ അടങ്ങിയ ട്രേ കാലിൽ വച്ചെന്നും പരസ്യമായി ശകാരിച്ചെന്നുമാണ് ആരോപണം.
എന്നാൽ മൂന്ന് കിലോ ഭാരം വരുന്ന ട്രേയാണ് രോഗിയുടെ ശരീരത്തിൽ വെച്ച് മറന്നതെന്നാണ് ഡോ. ജോൺ എസ് കുര്യന്റെ വിശദീകരണം. ഇതേ തുടർന്ന് ശിക്ഷാ നടപടി നടപ്പാക്കിയതായും റിട്ടയർമെന്റിന് ശേഷം സർജറി വിഭാഗം മേധാവിയായി തുടരുന്ന ഇദ്ദേഹം സമ്മതിച്ചു. പ്രാകൃത ശിക്ഷാ നടപടികൾ തുടർച്ചയായി സ്വീകരിക്കുന്ന ജോൺ എസ് കുര്യനു കീഴിൽ തുടരാനാവില്ലെന്നും, ഡോക്ടറെ സസ്‌പെൻറ് ചെയ്യണമെന്നും നഴ്‌സുമാർ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here