കന്നിയോട്ടത്തിനു പിന്നാലെ വന്ദേ ഭാരത് എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങി

ഇന്നലെ ഉദ്ഘാടനം ചെയ്ത രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് ബ്രേക്ക് തകരാറിനെ തുടര്‍ന്ന് ഇന്ന് വഴിയില്‍ കുടുങ്ങി. ഇന്നു പുലര്‍ച്ചെ വാരാണസിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയില്‍ തുണ്ട്‌ല ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനു സമീപം വെച്ചാണ് ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത്. ട്രെയിനിന്റെ അവസാന കോച്ചിലെ ബ്രേക്ക് തകരാറായതായിരുന്നു കാരണം. ട്രാക്കില്‍ നിന്നിരുന്ന കന്നുകാലികളെ ഇടിച്ചതിനെ തുടര്‍ന്നാണ് ബ്രേക്ക് തകരാറിലായതെന്നാണ് വിവരം. ഇതോടൊപ്പം കോച്ചുകളിലെ വൈദ്യുതി നിലക്കുകയും ചെയ്തു.
തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് വിദഗ്ധരെത്തി തകരാര്‍ പരിഹരിച്ച് മൂന്ന് മണിക്കൂറിനു ശേഷമാണ് ട്രെയിന്‍ വീണ്ടും യാത്ര ആരംഭിച്ചത്.ട്രെയിന്‍ ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിച്ചിട്ടില്ലാതതിനാല്‍ കാര്യമായ യാത്രക്കാര്‍ ഇന്ന് ട്രെയിനിലുണ്ടായില്ല. നാളെ മുതലാണ് വന്ദേ ഭാരത് എക്‌സ്പ്രസ് ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിക്കുന്നത്.
പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിന്‍രഹിത അതിവേഗ ട്രെയിനായ ‘വന്ദേഭാരത് എക്‌സ്പ്രസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്തത്. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു തീവണ്ടിയുടെ കന്നി ഓട്ടം. ഡല്‍ഹിയില്‍ മുതല്‍ വാരണാസി വരെയാണ് ഞായറാഴ്ച മുതല്‍ ട്രെയിന്‍ ദിവസേന സര്‍വീസ് നടത്തുന്നത്.
ഡല്‍ഹിയില്‍ നിന്നും വാരാണസിയിലെത്താന്‍ 9 മണിക്കൂറും 45 മിനിട്ടും മതിയാകുമെന്നതാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ പ്രത്യേകത. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും.പുതിയ തീവണ്ടിയില്‍ 16 എ.സി. കോച്ചുകളാണുളളത്. ഇതില്‍ 2 എണ്ണം എക്‌സിക്യൂട്ടീവ് ക്ലാസാണ്. 1,128 യാത്രക്കാര്‍ക്ക് ഇതില്‍ യാത്രചെയ്യാനാകും.ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാണ് വന്ദേഭാരത് എക്‌സ്പ്രസ് അവതരിപ്പിച്ചിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ചെന്നൈയിലെ കോച്ച് ഫാക്ടറിയിലാണ് ഇത് നിര്‍മ്മിച്ചത്. 97 കോടി രൂപ മുതല്‍ മുടക്കില്‍ 18 മാസം കൊണ്ടായിരുന്നു പൂര്‍ണമായും ശീതീകരിച്ച കോച്ചുകളുടെ നിര്‍മ്മാണം.
ഓരോ കോച്ചിനും അടിയില്‍ പിടിപ്പിച്ചിരിക്കുന്ന ട്രാക്ഷന്‍ മോട്ടോറുകളാണ് ലോക്കോമോട്ടീവ് എഞ്ചിനുകള്‍ക്ക് പകരം പ്രവര്‍ത്തിക്കുക.ഓട്ടോമാറ്റിക് ഡോറുകളും, സ്റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ, ജിപിഎസ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍, ബയോ വാക്വം സിസ്റ്റത്തിന്റെ സഹായത്തോടെയുള്ള ടോയ്‌ലെറ്റ് സംവിധാനം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ട്രെയിന്‍ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും. ചെയര്‍ കാറിന് 1,760 രൂപയും, എക്‌സിക്യൂട്ടീവ് ക്ലാസിന് 3,310 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here