‘അത് സെല്‍ഫിയല്ല, മറ്റാരോ എടുത്ത ചിത്രം; ഇതുവരെ സെല്‍ഫിയെടുത്തില്ല; വിശദീകരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹത്തോടൊപ്പം പോസ്റ്റു ചെയ്ത ചിത്രം വിവാദമായതോടെ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വീരമൃത്യു വരിച്ച ജവാന്റെ വസതിയില്‍ താന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത് സോഷ്യല്‍ മീഡിയ കൈകാര്യം ചെയുന്ന തന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് ചിത്രമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ആ ചിത്രം സെല്‍ഫിയല്ലയെന്നു വിശദമായി നോക്കിയാല്‍ മനസിലാകും. മാത്രവുമല്ല താന്‍ സെല്‍ഫി എടുക്കാറില്ല, ഇതുവരെ സെല്‍ഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്റെ വസതിയില്‍ നടന്ന അന്ത്യകര്‍മ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങള്‍ വ്യക്തമാണെന്നും കണ്ണന്താനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നവരോട് തനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വര്‍ഷം ഞാന്‍ പൊതുരംഗത്ത് വിവിധ ചുമതലകള്‍ വഹിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി രാജ്യപുരോഗതി മാത്രം മുന്നില്‍ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണെന്നാണ്. അതിനു കളക്ടര്‍ പദവിയോ മന്ത്രി കസേരയോ വേണമെന്ന് താന്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല. വളരെക്കാലം പദവികളൊന്നും വഹിക്കാതെ തന്നെ ഡല്‍ഹിയിലെ ചേരിപ്രദേശങ്ങളില്‍ അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സ്വമനസാലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുതലേ മനസിലാക്കാനും ഉള്‍ക്കൊള്ളാനും സാധിച്ചിട്ടുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കുറിപ്പില്‍ വിശദീകരിച്ചു.
ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാര്‍ത്ഥമായി പ്രയത്‌നിക്കുകയാണ് യുവതലമുറ ഉള്‍പ്പടെയുള്ളവര്‍ ചെയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വസന്തകുമാറിന്റെ മൃതദേഹം വയനാട്ടിലെ വസതിയിലെത്തിച്ചള്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം ‘വസന്തകുമാറിനെപ്പോലെയുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് ഇവിടെ സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നത്’ എന്ന കുറിപ്പിനൊപ്പം ‘വിവാദ’ ഫോട്ടോ കേന്ദ്രമന്ത്രി പങ്കുവെച്ചു. ഇതിന് പിന്നാലെ മന്ത്രിയെ വിമര്‍ശിച്ച് നിരവധി പേര്‍ ചിത്രത്തിന് താഴെ കമന്റിട്ടു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റേത് ധീര ജവാന്റെ ശരീരത്തോടൊപ്പമുള്ള സെല്‍ഫിയാണെന്നും ഇത് മൃതശരീരത്തോടുള്ള അനാദരവാണെന്നും അഭിപ്രായമുയര്‍ന്നു. ഇതോടെ മന്ത്രി ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
കാശ്മീരില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വിവി വസന്തകുമാറിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റ് ഇന്നലെ എന്റെ ഫേസ്ബുക്കില്‍ പ്രസിദ്ധികരിച്ചിരുന്നു. അതോടൊപ്പമുണ്ടായിരുന്ന ചിത്രം സെല്‍ഫിയാണ് എന്ന് ആരോപണമുന്നയിക്കുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. വീരമൃത്യു വരിച്ച ജവാന്റെ വസതിയില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത് സോഷ്യല്‍ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേല്‍പറഞ്ഞ ചിത്രം. ആ ചിത്രം സെല്‍ഫിയല്ലയെന്നു വിശദമായി നോക്കിയാല്‍ മനസിലാകും. മാത്രവുമല്ല ഞാന്‍ സെല്‍ഫി എടുക്കാറില്ല, ഇതുവരെ സെല്‍ഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്റെ വസതിയില്‍ നടന്ന അന്ത്യകര്‍മ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങള്‍ വ്യക്തമാണ്.
എന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വര്‍ഷം ഞാന്‍ പൊതുരംഗത്ത് വിവിധ ചുമതലകള്‍ വഹിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി രാജ്യപുരോഗതി മാത്രം മുന്നില്‍ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതിനു കളക്ടര്‍ പദവിയോ മന്ത്രി കസേരയോ വേണമെന്ന് ഞാന്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല.
വളരെക്കാലം പദവികളൊന്നും വഹിക്കാതെ തന്നെ ഡല്‍ഹിയിലെ ചേരിപ്രദേശങ്ങളില്‍ അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സ്വമനസ്സാലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുതലേ മനസിലാക്കാനും ഉള്‍ക്കൊള്ളാനും സാധിച്ചിട്ടുണ്ട്.
ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാര്‍ത്ഥമായി പ്രയത്‌നിക്കുകയാണ് യുവതലമുറ ഉള്‍പ്പടെയുള്ളവര്‍ ചെയേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here