ശബരിമല തീര്‍ത്ഥാടകര്‍ക്ക് പോലീസ് നല്‍കിയ സുരക്ഷ നാട് അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി

Pinarayi Vijayan CM

സര്‍ക്കാരിന്റെ പ്രതിപുരുഷന്‍മാരായാണ് ജനങ്ങള്‍ പോലീസിനെ കാണുന്നതെന്നും ശബരിമല തീര്‍ത്ഥാടകര്‍ക്ക് പോലീസ് നല്‍കിയ സുരക്ഷ നാട് അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതില്‍ പോലീസിന്റെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ മെട്രോ പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ 24 മണിക്കൂറും വിലയിരുത്തുന്നുണ്ട്.

നീതി നിര്‍വഹണതില്‍ ജനങ്ങളോടൊപ്പം നില്‍ക്കുക,ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് അഴിമതി മുക്തമായ അന്തരീക്ഷമാണുള്ളതത്. പോലീസിലും അത് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി മെട്രോ പോലീസ് സ്റ്റേഷന്റെയും മറ്റ് അഞ്ച് പോലീസ് സ്റ്റേഷനുകളുടെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.കൊച്ചി മെട്രോ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മുഖ്യമന്ത്രി മറ്റ് അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നിര്‍വഹിച്ചത്.

Read Also: ഇത്തവണ യുവതികളെ ശബരിമലയില്‍ എത്തിക്കാത്തത് സിപിഎമ്മിന്റെ തെറ്റുതിരുത്തലിന്റെ ഭാഗമെന്ന് ഉമ്മന്‍ചാണ്ടി

പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട, ഇടുക്കിയിലെ ഉടുമ്പന്‍ചോല, കോഴിക്കോട്ടെ പന്തീരങ്കാവ്, കൊല്ലത്തെ കണ്ണനല്ലൂര്‍, കാസര്‍ഗോഡ് ജില്ലയിലെ മേല്‍പ്പറമ്പ് എന്നീ പോലീസ് സ്റ്റേഷനുകളുടെയും തിരുവനന്തപുരം റൂറല്‍ ജില്ലയിലെ ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്, വയനാട് ജില്ലയിലെ കേണിച്ചിറ ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്, കണ്ണൂര്‍ ജില്ലയിലെ ഡിഎന്‍എ ലബോറട്ടറി, തിരുവനന്തപുരം റൂറല്‍ ജില്ലയിലെ മാറാനല്ലൂര്‍ എന്നീ പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചത്. കെഎംആര്‍എല്‍ എം.ഡി. എ പി എം മുഹമ്മദ് ഹനീഷ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് മെട്രോ പോലീസ് സ്റ്റേഷന്റെ താക്കോല്‍ കൈമാറി.

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് യാത്രികര്‍ക്കും മറ്റുമുള്ള കേസുകള്‍ കൈകാര്യം ചെയ്യുക, സുരക്ഷ ഉറപ്പാക്കുക, കേസുകളുടെ നടത്തിപ്പ് ഏകോപിപ്പിക്കുക തുടങ്ങിയവയാണ് മെട്രോ പോലീസ് സ്‌റ്റേഷന്റെ ചുമതലകള്‍. ഈ പോലീസ് സ്റ്റേഷന് കൊച്ചിയിലെ പോലീസ് സ്റ്റേഷനുകളിലും മുട്ടം റെയില്‍വേ യാര്‍ഡിലും അധികാരപരിധിയുണ്ട്. സൗത്ത് കളമശ്ശേരിയില്‍ കുസാറ്റ് മെട്രോ സ്റ്റേഷന്‍ സമീപമാണ് സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top