Advertisement

പുല്‍വാമ ആക്രമണം: മസൂദ് അസര്‍ ഭീകരര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

February 17, 2019
Google News 1 minute Read

പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഭീകരര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ശബ്ദസന്ദേശം പുറത്തായി. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അസര്‍ അനുയായികള്‍ക്ക് ആക്രമണം സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഗുരുതര രോഗം ബാധിച്ച് നാല് മാസമായി അസര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുല്‍വാമ ആക്രമണത്തിന് എട്ട് ദിവസം മുന്‍പാണ് അനുയായികള്‍ക്ക് അസറിന്റെ ശബ്ദസന്ദേശം എത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ ത്രാലില്‍വെച്ച് സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അനന്തരവന്‍ ഉസ്മാന് വേണ്ടി പ്രതികാരം ചെയ്യണമെന്നാണ് ശബ്ദസന്ദേശത്തിലുള്ളത്. ശബ്ദ സന്ദേശം ഇന്ത്യ രാജ്യാന്തര ഏജന്‍സികള്‍ക്ക് കൈമാറും. അതേസമയം, പുല്‍വാമയിലെ ആക്രമണത്തെക്കുറിച്ച് യു ജെ സിയിലെ മറ്റ് സംഘടനകളുമായി അസര്‍ പങ്കുവെച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

Read more: ജമ്മു കശ്മീരില്‍ അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിക്കാന്‍ ഉത്തരവ്

അതിനിടെ പുല്‍വാമ ആക്രമണങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ ഭാഗങ്ങളിലുള്ള കശ്മീരി സ്വദേശികള്‍ക്ക് നേരെയുള്ള ആക്രമണമായി മാറി. ഈ സാഹചര്യത്തില്‍ കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതലെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പുല്‍വാമയില്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നത്. ഔദ്യോഗിക കണക്കുപ്രകാരം 40 സൈനികരാണ് മരിച്ചത്. രണ്ടായിരത്തിലധികം സൈനികരുമായി ശ്രീനഗറിലേക്ക് പോകുകയായിരുന്ന വാഹനത്തിലേക്ക് ചാവേര്‍ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 22 കാരനായ ആദില്‍ അഹമ്മദ് ദറായിരുന്നു ചാവേറായത്. ജെയ്‌ഷെ കമാന്‍ഡര്‍ ഗാസിയാണ് ആക്രമണത്തിന്റെ മുക്യ സൂത്രധാരനെന്നും ഇന്റലിജന്‍സ് സുരക്ഷാ വിഭാഗം വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here