ജവാന്‍റെ മൃതദേഹത്തിനടുത്തുനിന്ന് സെല്‍ഫി, വിവാദമായതോടെ പിന്‍വലിച്ചു; കണ്ണന്താനത്തിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ജവാന്‍റെ മൃതദേഹത്തിനരികില്‍ നിന്ന് സെല്‍ഫിയെടുത്ത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം രൂക്ഷമായതോടെ ഫെയ്സ്ബുക്കില്‍ നിന്ന് ഫോട്ടോ പിന്‍വലിച്ചു.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വി.വി വസന്തകുമാറിന്റെ മൃതദേഹത്തിനരികെ നിന്നുള്ള ഫോട്ടോയാണ് അല്‍ഫോന്‍സ് കണ്ണന്താനം ഫേസ് ബുക്കിലിട്ടത്. ജവാന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ മുതല്‍ കുടുംബവീട്ടിലേക്ക് എത്തിക്കുന്നതുവരെ കണ്ണന്താനം ഒപ്പമുണ്ടായിരുന്നു. തൃക്കൈപ്പറ്റയിലെ കുടുംബ വീട്ടില്‍ മൃതദേഹം എത്തിച്ചപ്പോഴാണ് മന്ത്രി സെല്‍ഫിയടുത്തത്.
വസന്ത കുമാറിനെ പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത് എന്ന കുറിപ്പോടെയാണ് സെല്‍ഫി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു. നവമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ അല്‍ഫോന്‍സ് കണ്ണന്താനം പോസ്റ്റ് പിന്‍വലിച്ചു.
‘കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ വി വി വസന്തകുമാറിന്‍റെ സംസ്കാരച്ചടങ്ങുകൾ അദ്ദേഹത്തിന്‍റെ വസതിയിൽ നടന്നു. വസന്തകുമാറിനെ പോലുള്ള ധീരജവാൻമാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതമായി ജീവിക്കാൻ സാധിക്കുന്നത്’ – ഇങ്ങനെയായിരുന്നു സംസ്കാരച്ചടങ്ങിനിടയിൽ ഫോട്ടോ പോസ്റ്റ് ചെയ്ത് കണ്ണന്താനം കുറിച്ചത്.
പോസ്റ്റ് മുക്കി കണ്ണന്താനം മുങ്ങിയെങ്കിലും സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രവഹിക്കുകയാണ്.വസന്തകുമാറിന്‍റെ മൃതദേഹം കരിപ്പൂരിൽ ഏറ്റു വാങ്ങിയതിനു ശേഷവും ചിത്രം സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു കണ്ണന്താനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here