തൃശൂരില്‍ നാല് കോടി രൂപയുടെ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂർ കാഞ്ഞാണിയിൽ നാല് കോടി രൂപ വിലവരുന്ന 42 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനിയറിങ് വിദ്യാർത്ഥികളാണ് പിടിയിലായ രണ്ടുപേരും.
അന്തിക്കാട് -കാഞ്ഞാണി മേഖലകളിൽ കഞ്ചാവ് സംഘങ്ങൾ വിലസുന്നുവെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാഞ്ഞാണി ബസ്റ്റാന്റ് പരിസരത്ത് നിന്ന് 42 കിലോ കഞ്ചാവ് അടങ്ങിയ ബാഗുമായി വിദ്യാർത്ഥികളെ പിടികൂടിയത്.
ആലുവ കൊളങ്ങാട്ടുപറമ്പിൽ വീട്ടിൽ അഹമ്മദ് ,പട്ടാമ്പി ‘ഹരിദിവ്യ’ത്തിൽ രോഹിത് എന്നിവരെയാണ് അന്തിക്കാട് എസ്.ഐ കെ.എസ് സൂരജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കറുകുറ്റി എസ്.സി.എം.എസ് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികളാണ് പിടിയിലായ രണ്ടുപേരും.
ആന്ധ്രയിൽ നിന്നാണ് സംഘം കഞ്ചാവ് വരുത്തുന്നത്. സഹപാഠികൾക്കുൾപ്പെടെ കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന് പോലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു .
Read More: അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് വേട്ട; 450 ലധികം കഞ്ചാവ് ചെടികൾ കണ്ടത്തി
ആഡംബര ജീവിതം നായിക്കാനായി അധിക പണം കണ്ടെത്താൻ വേണ്ടിയാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് വിദ്യാർത്ഥികൾ പോലീസിനോട് പറഞ്ഞു. അന്തിക്കാടും തീരദേശ മേഖലയിലുമുള്ള ഇടനിലക്കാർക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.
ഇടനിലക്കാർ വഴി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. രണ്ടു മാസം മുമ്പ് അരിമ്പൂരിൽ നിന്ന് 500 ഗ്രാം ചരസും, പെരിങ്ങോട്ടുകരയിൽ നിന്ന് കഞ്ചാവും പിടികൂടിയിരുന്നു .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here