സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നാളെ ഇന്ത്യയിലെത്തും

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയിലെത്തും. പാക്സ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് കിരീടാവകാശി ഇന്ത്യയില്‍ എത്തുന്നത്. വാണിജ്യ-നിക്ഷേപ-പ്രധിരോധ മേഖലകളില്‍ സൗദിയും ഇന്ത്യയും തമ്മില്‍ കരാറുകൾ ഒപ്പുവെക്കും.
ഞായറാഴ്ചയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഏഷ്യന്‍ പര്യടനം ആരംഭിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും സൈനിക മേധാവി ഖമര്‍ ജാവേദും ഉള്‍പ്പെടെയുള്ളവര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പാകിസ്ഥാനില്‍ പത്ത് ബില്യണ്‍ ഡോളറിന്റെ എണ്ണ ശുദ്ധീകരണ ശാല ഉള്‍പ്പെടെ ഇരുപത് ബില്യണ്‍ ഡോളറിന്റെ ഏഴ് നിക്ഷേപ കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചു. മുഹമ്മദ് ബിന്‍ സല്‍മാന്‍റെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി പാകിസ്ഥാനില്‍ നിട്ടുള്ള സന്ദര്‍ശക വിസാ ഫീസ് സൗദി വെട്ടിക്കുറച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കിരീടാവകാശി ചൊവ്വാഴ്ച ഇന്ത്യയിലെത്തും. കിരീടാവകാശി ആയതിനു ശേഷമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ആദ്യ ഇന്ത്യാ സന്ദശനമാണിത്.
രാഷ്ട്രപതി ഉപരാഷ്ട്രപതി, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി ഇന്ത്യ സുപ്രീം ജുഡീഷ്യല്‍ കൌണ്‍സില്‍ രൂപീകരിക്കും. അടിസ്ഥാന സൗകര്യ വികസനം, വാണിജ്യം, നിക്ഷേപം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറുകള്‍ ഒപ്പുവെക്കും. റേഡിയോ, ടിവി മേഖലയിലും, ഐ.ടി ടൂറിസം രംഗങ്ങളിലുമുള്ള സഹകരണത്തിന് സൗദി-ഇന്ത്യാ ധാരണാപത്രം ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ സൗദിഎംബസിയുടെ പുതിയ കെട്ടിടം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ ഇരുപത് ശതമാനവും സൗദിയില്‍ നിന്നാണ്. സൗദിയിലെ ഇരുപത്തിയെട്ടു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഇന്ത്യാ പാക് സന്ദര്‍ശനങ്ങളില്‍ ഏറെ രാഷ്ട്രീയ പ്രാധ്യാന്യവുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here