ഇന്ന് ആറ്റുകാൽ പൊങ്കാല

അനന്തപുരിയെ യാഗശാലയാക്കി ആറ്റുകാലമ്മയ്ക്ക് പൊങ്കാല. തോറ്റംപാട്ടുകാർ പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം പാടിക്കഴിഞ്ഞതോടെ പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു. ലക്ഷങ്ങളാണ് ദര്‍ശനത്തിനും പൊങ്കാല സമര്‍പ്പണത്തിനുമായി തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്.
കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ചേര്‍ന്ന ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളാണ് എത്തിയത്. രാവിലെ പത്തേകാലിന്
ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി എൻ. വിഷ്ണു നമ്പൂതിരിക്ക് കൈമാറി. തുടർന്ന് ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പ് കത്തിച്ചു. പിന്നാലെ ക്ഷേത്രത്തിനു മുൻവശം തയ്യാറാക്കിയ പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നതോടെ അനന്തപുരി അക്ഷരാര്‍ത്ഥത്തില്‍ യാഗശാലയായി.
ഇന്നലെ മുതല്‍ തന്നെ ക്ഷേത്ര പരിസരത്ത് നിന്നും കിലോമീറ്ററുകളോളം പൊങ്കാലയടുപ്പുകള്‍ നിരന്നിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും വിദേശ രാജ്യത്ത് നിന്നടക്കം പൊങ്കാലയ്ക്കായി ഭക്തരെത്തി. നാല്‍പത് ലക്ഷം പൊങ്കാലയാണ് ക്ഷേത്രം അധികൃതര്‍ ഇക്കുറി ലക്ഷ്യം വച്ചത്.
അതേസമയം പുലര്‍ച്ചെ നട തുറന്നത് മുതല്‍ ദര്‍ശനത്തിനായി വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. പൊങ്കാലയ്ക്ക് മുന്‍പ് ദര്‍ശനം നടത്താന്‍ ആയിരക്കണക്കിന് സ്ത്രീ ഭക്തജനങ്ങളെത്തി. തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രത്തിലും നഗരത്തിലാകമാനവും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here