പെരിയ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഉമ്മൻ ചാണ്ടി

പെരിയ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള
എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കൊലപാതകത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം കാസർകോട്ട് കോൺഗ്രസ് ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നുഉമ്മൻ ചാണ്ടി.
അതേസമയം പെരിയയിലെ കൊലപാതകത്തിൽ ഉദുമ എംഎൽഎകെ കുഞ്ഞിരാമന് പങ്കുണ്ടെന്ന ആരോപണവുമായി കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്.
കൊലപാതകം കുഞ്ഞിരാമനും സിപിഐഎം നേതൃത്വവും അറിയാതെ നടക്കില്ലെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ ട്വന്റി ഫോറിനോട് പറഞ്ഞു.
കണ്ണൂരിൽ നിന്നുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിൽ. മുൻപും ഇത്തരത്തിൽ കൊലപാതക ശ്രമം നടന്നിട്ടുണ്ട്. പീതാംബരൻ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയത്. കുഞ്ഞിരാമനും അറിഞ്ഞുകൊണ്ടാണ് കൊലപാതകം നടന്നത്. ഇരുവരും ഒരുമിച്ചാണ് ആക്രമണം ആസുത്രണം ചെയ്തത്. രാഷ്ട്രീയ ഇടപെടൽ ഉണ്ടായില്ല എന്നു പറയുന്നത് തെറ്റാണ്. വ്യക്തിപരമായ വൈരാഗ്യം കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന ആരോപണം തെറ്റാണെന്നും സത്യനാരായണൻ പറഞ്ഞു.
ക്രിമിനൽ സംഘവുമായി പീതാംബരന് അടുത്ത ബന്ധമുണ്ട്. പുറത്തു നിന്നും ആളെ ഇറക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കൈക്ക് പരിക്കേറ്റ പീതാംബരൻ ഒറ്റക്ക് കൃത്യം ചെയ്യില്ല. പുറത്തു നിന്നും ആളെ ഇറക്കി കൊലപാതകം നിയന്ത്രിച്ചത് പീതാംബരനാണ്. കേസ് കോടതിയിലെത്തുമ്പോൾ കൈക്ക് പരിക്കേറ്റയാൾ എങ്ങനെ കൃത്യം ചെയ്യുമെന്ന ചോദ്യം ഉയരും. അതിൽ നിന്നും രക്ഷനേടാനാണ് പീതാംബരനെത്തന്നെ പാർട്ടി പ്രതിയാക്കിയതെന്നും സത്യനാരായണൻ പറഞ്ഞു.
അതിനിടെ സിപിഐഎമ്മിനെ വെട്ടിലാക്കി പീതാംബരന്റെ ഭാര്യയും രംഗത്തെത്തിയിരുന്നു. പീതാംബരൻ ഒറ്റക്ക് അത്തരത്തിൽ ഒരു കൊല ചെയ്യില്ലെന്നാണ് മഞ്ജു പറയുന്നത്. പാർട്ടി അറിയാതെ ഒന്നും നടക്കില്ല. പീതാംബരന്റെ ഇടത് കൈക്ക് പരിക്കേറ്റിരുന്നു. കൈക്ക് പരുക്കേറ്റ ആൾ എങ്ങനെ യുവാക്കളെ വെട്ടിവീഴ്ത്തുമെന്നും മഞ്ജു ചോദിക്കുന്നു.
കാസർഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് താനാണെന്ന് പീതാംബരൻ മൊഴി നൽകിയതായാണ് പൊലീസ് പറയുന്നത്. സുഹൃത്തായ ആറ് പേർ കൊലയിൽ പങ്കാളികളായെന്നും പീതാംബരൻ സമ്മതിച്ചിട്ടുണ്ട്. ലോക്കൽ കമ്മിറ്റി അംഗമായിട്ടും ആക്രമിക്കപ്പെട്ടുവെന്നും ഇതിന്റെ അപമാനം താങ്ങാനാകാതെയാണ് കൊല നടത്തിയതെന്നും പീതാംബരൻ പറഞ്ഞു.
ഇന്നലെ രാത്രിയാണ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള സിപിഎം ലോക്കൽ കമ്മറ്റി അംഗം എ പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി. പീതാംബരന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിവാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കാസർഗോഡ് ഇരട്ടക്കൊലക്കേസിൽ ആദ്യത്തെ അറസ്റ്റായിരുന്നു പീതാംബരന്റേത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here