അമിത് ഷാ നാളെ കേരളത്തില്‍; സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനമുണ്ടായേക്കും
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് മൂന്നുമണിക്ക് പാലക്കാട്ടെത്തുന്ന അമിത് ഷാ 20 മണ്ഡലങ്ങളിലെയും തിരഞ്ഞടുപ്പ് ചുമതലക്കാരുമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അമിത് ഷാ എത്തുന്നതിന് മുമ്പ്, ബിജെപി കോര്‍ കമ്മറ്റിയോഗവും ചേരും.സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ബിജെപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കേയാണ് അമിത് ഷാ നാളെ കേരളത്തിലെത്തുന്നത്. സാധ്യത പട്ടിക തയ്യാറാക്കിയതിനെതിരെ ഒരുവിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് പരാതി പറഞ്ഞിരുന്നു. അമിത് ഷാ എത്തും മുന്‍പ് രാവിലെ സംസ്ഥാന ഭാരവാഹി യോഗവും ചേരും.
ഉച്ചയ്ക്ക് മൂന്നുമണിക്ക് പാലക്കാട്ടെത്തുന്ന അമിത് ഷ, സംസ്ഥാന ഭാരവാഹികളുമായും ലോക്‌സഭ മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്നവരുമായും കൂടിക്കാഴ്ച നടത്തും.കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിന് പിന്നാലെയാണ് ദേശീയ അധ്യക്ഷനുമെത്തുന്നത്. ബിജെപി ഏറെ ശ്രദ്ധകേന്ദ്രീകരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ബൂത്തുതലം തൊട്ടുളള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടി ലക്ഷ്യമിട്ടാണ് അമിത് ഷായെ പാലക്കാട്ടെത്തിക്കുന്നത്. നേതൃയോഗത്തിന് ശേഷം, ബൂത്ത് പ്രതിനിധികളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും.
കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം നേരത്തെ കേന്ദ്രനേതൃത്വത്തിന് കൈമാറിയിരുന്നു. എന്നാല്‍ പാര്‍ട്ടിയോട് ആലോചിക്കാതെ സംസ്ഥാന അധ്യക്ഷന്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണെന്ന് ആരോപിച്ച് മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കൊച്ചിയില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റിയില്‍ നിന്നും ഒരു വിഭാഗം നേതാക്കള്‍ വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here