സൈബര്‍ ആക്രമണം; കണ്ണന്താനത്തിന്റെ പരാതി ഹൈടെക് സെൽ അന്വേഷിക്കും

സമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി തന്നെ അധിക്ഷേപിച്ചെന്ന കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പരാതി വിശദമായ അന്വേഷണത്തിന് പോലീസ് ഹൈടെക് സെല്ലിനു കൈമാറി. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വി.വി വസന്തകുമാറിന്റെ മൃതദേഹത്തിനരികെ നിന്നുള്ള ഫോട്ടോ അല്‍ഫോന്‍സ് കണ്ണന്താനം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്.
ജവാന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ മുതല്‍ കുടുംബവീട്ടിലേക്ക് എത്തിക്കുന്നതുവരെ കണ്ണന്താനം ഒപ്പമുണ്ടായിരുന്നു. തൃക്കൈപ്പറ്റയിലെ കുടുംബ വീട്ടില്‍ മൃതദേഹം എത്തിച്ചപ്പോഴാണ് മന്ത്രി സെല്‍ഫിയടുത്തത്.
വസന്ത കുമാറിനെ പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത് എന്ന കുറിപ്പോടെയാണ് സെല്‍ഫി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു. നവമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ അല്‍ഫോന്‍സ് കണ്ണന്താനം പോസ്റ്റ് പിന്‍വലിച്ചു.
വസന്തകുമാറിന്റെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് വിവാദത്തിലായ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.
അല്‍ഫോണ്‍സ് കണ്ണന്താനമല്ലേ അത് ചെയ്തതെന്നും, അങ്ങനെ എന്തെങ്കിലും പ്രത്യേകത കാണിച്ചാലല്ലേ അദ്ദേഹം കണ്ണന്താനമാകൂ എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതില്‍ കൂടുതല്‍ എന്ത് പറയാനാണ്. ഇത്തരം സംഭവങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഔചിത്യബോധം കാണിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ആ ചിത്രം സെല്‍ഫിയല്ലയെന്നും താന്‍ സെല്‍ഫി എടുക്കാറില്ല, ഇതുവരെ സെല്‍ഫി എടുത്തിട്ടുമില്ലെന്നുമാണ് കണ്ണന്താനം മറുപടി നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here