Advertisement

വീണ്ടും  ആക്രമണത്തിന് ജെയ്‌ഷെ പദ്ധതി; കാശ്മീരില്‍ കനത്ത സുരക്ഷ

February 21, 2019
1 minute Read

ഇന്ത്യയില്‍ വീണ്ടും ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാശ്മീര്‍ അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. പുല്‍വാമ മാതൃകയിലുള്ള ആക്രമണത്തിനാണ് പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതെന്നാണ് വിവരം. സൈനിക വാഹനവ്യൂഹത്തെയാണ് ഇത്തവണയും ഭീകരര്‍ ലക്ഷ്യമിടുന്നതെന്നും 48 മണിക്കൂറിനുളളില്‍ ഇതിനുള്ള നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന സുരക്ഷാ പരിശോധനകളാണ് നടക്കുന്നത്.

സ്വകാര്യ വാഹനങ്ങളടക്കം പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടുന്നുള്ളു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

തീവ്രവാദി സംഘടനയായ ജെയ്ഷെ മുഹമ്മദ് പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വെച്ചാണ് സി.ആര്‍.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആര്‍പിഎഫ് സംഘം. സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തില്‍ 70 വാഹനങ്ങളുണ്ടായിരുന്നു. ഈ ആക്രമണത്തിന് ശേഷം തിങ്കളാഴ്ച പുല്‍വാമയില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടുകയും ചെയ്തു.

ഏറ്റുമുട്ടലില്‍ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ജെയ്‌ഷെ കമാന്റര്‍ കമ്രാനെ സൈന്യം വധിച്ചിരുന്നു. പുല്‍വാമയിലെ ഭീകരരുടെ ഒളി സങ്കേതത്തിലേക്ക് സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഭീകരരുടെ പ്രത്യാക്രമണത്തില്‍ നാല് സൈനികരും കൊല്ലപ്പെട്ടു. പുല്‍വാമയില്‍ സൈനികരെ കൊലപ്പെടുത്തിയ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 13 കിലോമീറ്റര്‍ മാറി ഒരു കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ച് താമസിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top