പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് റിതേഷ് ദേശ്മുഖ്; അടുത്ത രണ്ട് തെരഞ്ഞെടുപ്പിലും നരേന്ദ്രമോദി തന്നെയെന്ന് ദേവേന്ദ്ര ഫട്‌നവിസ്

അടുത്ത രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്. നടനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനുമായി റിതേഷ് ദേശ്മുഖിന്റെ ചോദ്യത്തോടായിരുന്നു ഫട്‌നവിസിന്റെ പ്രതികരണം. അടുത്ത രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി സ്ഥാനം നരേന്ദ്രമോദിക്ക് വേണ്ടി തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണെന്നും ഫട്‌നവിസ് പറഞ്ഞു.
മുംബൈയില്‍ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് റിതേഷ് ഫട്‌നവിസിനോട് ആ ചോദ്യം ചോദിച്ചത്. എന്‍സിപി നേതാവ് ശരത് പവാറിനേയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയേയും കൂടാതെ ആരാകും മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നായിരുന്നു റിതേഷിന്റെ ചോദ്യം. അത്തരത്തിലൊരു ചോദ്യത്തിന്റെ ആവശ്യം തന്നെയില്ലെന്നായിരുന്നു ഫട്‌നവിസ് പറഞ്ഞത്. വരുന്ന തെരഞ്ഞെടുപ്പിലും 2024 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും എന്‍ഡിഎയെ പ്രതിനിധീകരിച്ചുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി മാത്രമായിരിക്കും. ആ സ്ഥാനം നേരത്തേ നിശ്ചയിച്ചുറപ്പിച്ചതാണ്. അതിന് ശേഷം മഹാരാഷ്ട്രയില്‍ നിന്നും ആരെങ്കിലും പ്രധാനമന്ത്രിയായാല്‍ താന്‍ സന്തുഷ്ടനാകുമെന്നും ഫട്‌നവിസ് കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള ഉള്‍പ്പോരിനെ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടോ ചോദ്യത്തോട് പക്ഷേ ഫട്‌നവിസ് പ്രതികരിച്ചില്ല. എല്ലാകാര്യങ്ങളും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് ഫട്‌നവിസ് അതിനുള്ള മറുപടിയായി പറഞ്ഞത്. ശിവസേനയുമായുള്ള സഖ്യത്തില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകും അസന്തുഷ്ടരാണ് എന്ന ആരോപണത്തേയും മുഖ്യമന്ത്രി തളളി. രാഷ്ട്രീയ എതിരാളികളുടെ ആരോപണം മാത്രമാണത്. പ്രവര്‍ത്തകര്‍ക്ക് അത് തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും സഖ്യത്തെ അവര്‍ പിന്തുണയ്ക്കുന്നുണ്ടെന്നും ഫട്‌നവിസ് പറഞ്ഞു,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here